‘അടിയന്തരാവസ്ഥ കാലത്തെ ക്രൂരതകൾ’; കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി ശശി തരൂരിന്റെ ലേഖനം

shashi tharoor pro syndicate article.png
വെബ് ഡെസ്ക്

Published on Jul 10, 2025, 10:23 AM | 1 min read

തിരുവനന്തപുരം: വീണ്ടും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി ശശി തരൂർ എംപി. ഇന്ദിരാഗാന്ധിയെയും മകൻ സഞ്ജയ്‌ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച്‌ അടിയന്തരാവസ്ഥയ്‌ക്കെതിരെ ലേഖനമെഴുതിയാണ്‌ തരൂർ കോൺഗ്രസിൽ പുതിയ വിവാദത്തിന്‌ തിരി കൊളുത്തിയിരിക്കുന്നത്‌. ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായമായാണ്‌ അടിയന്തരാവസ്ഥയെ ലേഖനത്തിൽ തരൂർ വിശേഷിപ്പിക്കുന്നത്‌. പ്രൊജക്‌ട്‌ സിൻഡിക്കേറ്റിലാണ്‌ തരൂരിന്റെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ദീപിക പത്രത്തിന്റെ എഡിറ്റ്‌ പേജിലും ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


പറഞ്ഞറിയിക്കാൻ പറ്റാത്ത ക്രൂരതകളാണ്‌ അടിയന്തരാവസ്ഥ കാലത്ത്‌ നടന്നതെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ശ്വാസമടക്കിപ്പിടിച്ചു നിന്ന കാലമായിരുന്നു അതെന്നും തരൂർ ലേഖനത്തിൽ വ്യക്തമാക്കി. ജയിൽ തടവറകളിൽ നടന്ന ക്രൂരതകളെക്കുറിച്ചും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളെക്കുറിച്ചും ലേഖനത്തിൽ കോൺഗ്രസ്‌ നേതാവ്‌ വിവരിക്കുന്നുണ്ട്‌.


അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ഇന്ത്യയിൽ നടന്ന ക്രൂരതകൾ ഉദ്ധരിച്ചുകൊണ്ടാണ്‌ തരൂർ ലേഖനമെഴുതിയിരിക്കുന്നത്‌. ‘1975 ജൂൺ 25ന് ഇന്ത്യ ഒരു പുതിയ യാഥാർഥ്യത്തിലേക്ക് ഉണർന്നുവെന്നും സാധാരണ സർക്കാർ പ്രഖ്യാപനങ്ങളായിരുന്നില്ല അന്നു വാർത്തകളിൽ നിറഞ്ഞതെന്നും പകരം, ഭയാനകമായ ഒരു ഉത്തരവ്’ ആണെന്നും എഴുതിക്കൊണ്ടാണ്‌ ലേഖനമാരംഭിക്കുന്നത്‌.

Related News

21 മാസത്തോളം മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ്‌ മൂടിക്കെട്ടി. രാഷ്ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്‌ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ശ്വാസമടക്കിപ്പിടിച്ചു നിന്നു.


പത്രപ്രവർത്തകരും ആക്‌ടിവിസ്റ്റുകളും പ്രതിപക്ഷ നേതാക്കളും തടവറയിലായി. ഭരണഘടനാപരമായ ഈ അതി ക്രമങ്ങൾ മനുഷ്യാവകാശലംഘനങ്ങളുടെ ഭയാനകമായ പട്ടികയ്ക്ക് വഴിയൊരുക്കി. തടങ്കലിലെ പീഡനങ്ങളും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും ഭരണകൂടത്തെ ധിക്കരിക്കാൻ ധൈര്യം കാണിച്ചവർക്ക് ഇരുണ്ട യാഥാർഥ്യങ്ങളായിരുന്നു. എങ്കിലും അക്കാലത്ത് ഇതൊന്നും അധികം പുറത്തറിഞ്ഞിരുന്നില്ല.


അച്ചടക്കത്തിനും ക്രമത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ പലപ്പോഴും പറഞ്ഞറിയിക്കാൻ വയ്യാത്ത ക്രൂരതകളായി മാറി. ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് നയിച്ച നിർബന്ധിത വന്ധ്യംകരണ പരിപാടികൾ അതിന് ഉദാഹരണമാണ്. ദരിദ്ര ഗ്രാമീണ പ്രദേശങ്ങളിൽ സ്വേച്ഛാപരമായ ലക്ഷ്യങ്ങൾ നേടുന്നതിനു ബലപ്രയോഗവും അക്രമവും ഉപയോഗിച്ചു. ന്യൂഡൽഹി പോലുള്ള നഗരകേന്ദ്രങ്ങളിൽ ചേരികൾ നിഷ്‌കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. അവരുടെ ക്ഷേമത്തെക്കുറിച്ച് പരിഗണനയേ ഉണ്ടായിരുന്നില്ല.– ലേഖനത്തിൽ തരൂർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home