വെല്ലുവിളിച്ച് തരൂർ; 
ഭയന്ന്‌ ഹൈക്കമാൻഡ്‌

Shashi Tharoor
വെബ് ഡെസ്ക്

Published on Jul 12, 2025, 01:38 AM | 1 min read


ന്യൂഡൽഹി/തിരുവനന്തപുരം

ലോകമെങ്ങും പറന്നുനടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപദാനങ്ങള്‍ പാടിപുകഴ്ത്തുന്ന കോൺഗ്രസ്‌ പ്രവർത്തകസമിതിയംഗം ശശി തരൂരിനെതിരെ നടപടിയെടുക്കാന്‍ ഭയന്ന് കോണ്‍​ഗ്രസ് ഹൈക്കമാന്‍ഡ്.


ഇന്ദിരാ ഗാന്ധിയെയും അടിയന്തരാവസ്ഥയെയും വിമർശിച്ചും മുഖ്യമന്ത്രി പദവിയിലേക്ക്‌ കൂടുതൽ പിന്തുണ തനിക്കാണെന്ന സർവേ റിപ്പോർട്ട്‌ സ്വന്തം നിലയിൽ പുറത്തുവിട്ടും തരൂർ വെല്ലുവിളിച്ചെങ്കിലും കോണ്‍​ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. "മോദിയുടെ ഊർജസ്വലമായ നേതൃത്വത്തിൽ വലിയ മാറ്റങ്ങളാണ്‌ ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെ'ന്ന്‌ തരൂർ കഴിഞ്ഞദിവസം ലണ്ടനിൽ പറഞ്ഞു. ബിജെപി ഭരണത്തിൽ ശക്തമായ ദേശീയബോധം പ്രകടമാണെന്നും തരൂർ തട്ടിവിട്ടു.


ഇന്ദിരാ​ഗന്ധിയെ പോലും വിമര്‍ശിക്കുന്ന തരൂരിന്റെ നടപടികളെ കണ്ടില്ലെന്ന്‌ നടിക്കുന്ന നേതൃത്വത്തിനെതിരെ കോൺഗ്രസില്‍ വിമർശമുയരുന്നു. കെ മുരളീധരൻ മാത്രമാണ് അതൃപ്തി പരസ്യമാക്കിയത്. താൻ ഏതു പാർടിയാണെന്ന്‌ തരൂർ ആദ്യം തീരുമാനിക്കണമെന്നാണ്‌ മുരളീധരൻ പറഞ്ഞത്‌. എന്നാൽ, തരൂരിനെ തള്ളിപ്പറയാനുള്ള ധൈര്യം പ്രതിപക്ഷ നേതാവിനില്ല. തരൂർ പ്രവർത്തകസമിതി അംഗമായതിനാൽ അഭിപ്രായം പറയേണ്ടത്‌ അഖിലേന്ത്യ നേതൃത്വമാണെന്ന്‌ പറഞ്ഞ്‌ കൈകഴുകുകയാണ്‌ വി ഡി സതീശൻ ചെയ്‌തത്‌. തരൂർ പുറത്തുവിട്ട സർവേ ആരുടെയൊ താൽപ്പര്യത്തിന്‌ തയ്യാറാക്കിയതാണ്‌ എന്നാണ് രമേശ്‌ ചെന്നിത്തല പറഞ്ഞത്‌. തരൂരിനെ കുറിച്ചുള്ള ചോദ്യത്തിൽനിന്ന്‌ വെള്ളിയാഴ്‌ച അദ്ദേഹം ഒഴിഞ്ഞുമാറി. മുതിർന്ന നേതാക്കൾ സ്വയം നിയന്ത്രിക്കണമെന്ന ഒഴുക്കൻ ഉത്തരം യുഡിഎഫ്‌ കൺവീനറിൽനിന്ന്‌ ഉണ്ടായപ്പോൾ തരൂർ ഇപ്പോഴും കോൺഗ്രസിൽതന്നെയാണെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ മറുപടി.


കോൺഗ്രസിന്‌ തന്നെ വേണ്ടെങ്കിൽ മറ്റു വഴി നോക്കുമെന്നും കേരളത്തിലെ കോൺഗ്രസിൽ നേതാക്കളില്ലെന്നും തരൂർ നേരത്തെ പ്രതികരിച്ചിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിലേക്കും തുടർന്ന്‌ നിയമസഭാ തെരഞ്ഞെടുപ്പിലേക്കും കേരളം നീങ്ങുന്ന സാഹചര്യത്തിൽ തരൂരിനെതിരായ നടപടി കോൺഗ്രസിനെ കൂടുതൽ ദുർബലപ്പെടുത്തുമെന്നാണ്‌ ഹൈക്കമാന്‍ഡിന്റെ ആശങ്ക. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക്‌ മത്സരിച്ച്‌ മികച്ച പ്രകടനം കാഴ്ചവച്ചതും നേതൃത്വത്തെ പിന്നോട്ടടിപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home