സി എച്ചിനൊപ്പം കെ ജി മാരാരെയും പ്രശംസിച്ച് തരൂർ

തിരുവനന്തപുരം
കോൺഗ്രസിനെ തുടർച്ചയായി ആക്രമിച്ചുകൊണ്ടിരിക്കെ പുതിയ ആക്രമണമുന തുറന്ന് പ്രവർത്തക സമിതിയംഗം ശശി തരൂരിന്റെ ലേഖനം. മുസ്ലിംലീഗ് നേതാവ് സി എച്ച് മുഹമ്മദ്‌കോയയെയും ജനസംഘം നേതാവ് കെ ജി മാരാരെയും പുകഴ്‌ത്തിയ ലേഖനത്തിൽ ഒരു വരിപോലും കോൺഗ്രസിനെ കുറിച്ച് പരാമർശമില്ല.
ശ്രീകൃഷ്ണ ജയന്തി പൊതുഅവധിയായി പ്രഖ്യാപിച്ചത് സി എച്ച് മുഹമ്മദ് കോയ പുലർത്തിയ ഉഭയകക്ഷിത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ദൃഷ്ടാന്തമാണെന്ന് മലയാള പത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. സംസ്ഥാനത്തെ ഹിന്ദുജനസമാന്യത്തിനിടയിൽ ആഴത്തിൽ പ്രതിധ്വനിച്ച തീരുമാനമായിരുന്നു സിഎച്ചിന്റേത്. കെ ജി മാരാർ അദ്ദേഹത്തെ 'സി എച്ച് എം കോയ ( 'സി' എന്നത് ക്രിസ്ത്യനും 'എച്ച്' എന്നത് ഹിന്ദുവും 'എം' എന്നത് മുസ്‌ലിമും) എന്ന് വിശേഷിപ്പിച്ചതെന്നും മുൻമുഖ്യമന്ത്രി കൂടിയായ സി എച്ചിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച ലേഖനത്തിൽ പറഞ്ഞു.
മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽപോലും സി എച്ചിന്റെ നൂറാം ജന്മദിനത്തിൽ അനുസ്മരണമില്ലെന്നിരിക്കെ തരൂരിന്റെ ലേഖനം വ്യാപക ചർച്ചയായി.
ബിജെപിയുമായി അടുക്കുന്നുവെന്ന് വ്യക്തമായ സൂചന നൽകിയിട്ടും കോൺഗ്രസിന് തരൂരിനെതിരെ നടപടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ അവിടെ തരൂരിനോടുള്ള കോൺഗ്രസ് സമീപനം നിർണായകമാകും.









0 comments