ഷാജി എൻ കരുൺ: സിനിമയിൽ മലയാളിയെ കാണിച്ച ഛായാഗ്രാഹകൻ

ഷാജി എൻ കരുൺ
കെ ബി വേണു
Published on Apr 29, 2025, 09:28 AM | 1 min read
മലയാളിയുടെ തൊലിനിറം മലയാളിക്ക് കാണിച്ചുകൊടുത്ത ഛായാഗ്രാഹകനായിരുന്നു ഷാജി എൻ കരുൺ. ഈസ്റ്റ്മാൻ കളറിന്റെ വർണപ്പകിട്ടിൽ നിന്ന് സിനിമ യാഥാർഥ്യത്തിലേക്ക് മാറുന്ന കാലത്താണത്. ബീഡിക്കറ പുരണ്ട ചുണ്ടുകളും മുഖക്കുരു പൊട്ടിയ മുഖവുമുള്ള മോഹൻലാലിനെയും കറുത്തുരുണ്ട, ശരീരഭംഗിയില്ലാത്ത തിലകനെയും സ്ക്രീനിൽ സ്വാഭാവികമായി കണ്ട് വിസ്മയിച്ച കാലം. പറയുന്നത് പഞ്ചാഗ്നി, നഖക്ഷതങ്ങൾ എന്നീ സിനിമകളെക്കുറിച്ചാണ്.
‘കൂടെവിടെ’ എന്ന പത്മരാജൻ സിനിമ കണ്ടിട്ടുണ്ടോ നിങ്ങൾ? ഒരു പട്ടാളക്കാരന്റെ ഷേവ് ചെയ്ത മുഖത്തിൽ അവശേഷിക്കുന്ന നീലനിറം? അയാൾ എവിടെയും അവശേഷിപ്പിക്കുന്ന, ശരിക്കും വില്ലനസ് ആയ പൗരുഷം? അതത്രയും ഷാജി എൻ കരുൺ ആ സിനിമയിൽ പകർന്നു. പിന്നെ, സിനിമയുടെ നവഭാവുകത്വത്തിലേക്ക് പത്മരാജൻ ചുവടുവയ്ക്കാനൊരുമ്പെട്ടകാലത്തെ പാട്ടുകളുടെ അനിതരസാധാരണമായ സൗരഭ്യവും.
പഞ്ചവടിപ്പാലം എന്ന സിനിമയിൽ ഷാജി എൻ കരുണിനെ കെ ജി ജോർജ് സഹകരിപ്പിച്ചു. അതിലെ ഏറ്റവും പ്രധാനപ്പെട്ട സീൻ പഞ്ചവടിപ്പാലം തകർന്നുവീഴുന്നതാണ്. നാല് കാമറകൾ വച്ചാണ് ആ സീൻ ഷൂട്ട് ചെയ്തത്. അക്കാര്യത്തിൽ സംവിധായകനും കാമറാമാനും ഒരേ അഭിപ്രായമായിരുന്നു– പാലം ഒരിക്കലേ തകർക്കാൻ പറ്റൂ.
വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട ഷാജി എൻ കരുൺ ചിത്രം ‘കുട്ടിസ്രാങ്കാ’ണ്. മമ്മൂട്ടിയെ മാത്രമല്ല, സുരേഷ് കൃഷ്ണയെയും നന്നായി പ്രയോഗിച്ച സിനിമ. ചവിട്ടുനാടകം എന്ന കലാരൂപത്തെ അറിഞ്ഞുപയോഗിച്ചു. കൊച്ചിയുടെ ഉൾക്കടലുകളിൽ മുങ്ങിനീന്തി. മാഗചന്ദിരാ രൂപാമണിയേ എന്ന പാട്ടൊക്കെ എങ്ങനെ മറക്കും?
മമ്മൂട്ടിയുടെ താരസ്വരൂപത്തെ കുട്ടിസ്രാങ്കിൽ വെറും കുട്ടിയാക്കി. മോഹൻലാലിനെ, നരേന്ദ്രപ്രസാദിന്റെ ഭാഷയിൽ പറഞ്ഞാൽ, ആദിമധ്യാന്തപ്പൊരുത്തങ്ങളില്ലാത്ത ഒരു കഥകളിനടനാക്കി. പ്രേംജിയെ ഈച്ചരവാര്യരാക്കിയതിലും അപ്പുറമാണത്. അങ്ങയുടേത് ഒരു കാലമാണ്, ഷാജി സാർ. വേദനയോടെ വിട പറയുന്നു...
(ചലച്ചിത്ര–മാധ്യമ പ്രവർത്തകനാണ് ലേഖകൻ)









0 comments