ഇനി ഓർമയിൽ ജ്വലിക്കും

അന്തരിച്ച ഷാജി എൻ കരുണിന് സംസ്ഥാന സർക്കാർ ഔദ്യോഗിക ബഹുമതി നൽകുന്നു
തിരുവനന്തപുരം : മനുഷ്യാനുഭവത്തിനൊപ്പം അവന്റെ നൊമ്പരങ്ങളും ആത്മസംഘർഷങ്ങളും അഭ്രപാളികളിൽ അനശ്വരമാക്കിയ വിശ്രുത ചലച്ചിത്രകാരന് നാടിന്റെ യാത്രാമൊഴി. വഴുതക്കാട് ഉദാരശിരോമണി റോഡിലെ ‘പിറവി’ നിശ്ശബ്‌ദമായി ഷാജി എൻ കരുണിന് വിടനൽകി. ചൊവ്വ വൈകിട്ട് 4.40ഓടെ വസതിയിൽനിന്ന് പുറത്തേക്ക് എടുക്കുമ്പോൾ ആരാധകർ വിങ്ങലടക്കി. ആത്മസുഹൃത്തും പത്‌നിയുമായ അനസൂയ ഉള്ളം തകർന്ന് വികാരവിവശയായി പ്രിയപ്പെട്ടവനെ യാത്രയാക്കി. അമ്മ ചന്ദ്രമതിയും സഹോദരി ഷീലയും ആത്മനിയന്ത്രണം വിട്ട് തേങ്ങി.
മക്കളായ അനിലും അപ്പുവും സഹായി അജേഷ് വേണുഗോപാലും പുരോഗമന കലാസാഹിത്യസംഘം പ്രവർത്തകരും ചേർന്ന് ശവമഞ്ചം ആംബുലൻസിലേക്ക് കയറ്റി. ഒരുപാടുകാലം നിത്യജീവിതത്തിന്റെ ഭാഗമായ പാതയിലൂടെ തിരക്കൊന്നുമില്ലാതെ അവസാനയാത്ര. ചലച്ചിത്ര അക്കാദമിയുടെ വാഹനത്തിൽനിന്ന് പൂക്കൾ ഏറ്റുവാങ്ങി ശാന്തികവാടത്തിലേക്ക്.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, മുൻ സാംസ്‌കാരിക മന്ത്രി പന്തളം സുധാകരൻ, സംവിധായകൻ ഹരിഹരൻ, ഛായാഗ്രാഹകൻ സണ്ണി ജോസഫ്, പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി കെ പി മോഹനൻ, അശോകൻ ചരുവിൽ തുടങ്ങി നിരവധിപേർ അനുഗമിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ 5.10നായിരുന്നു സംസ്‌കാരം. മരണാനന്തര ചടങ്ങുകൾ ഒഴിവാക്കിയിരുന്നു. കളങ്കമില്ലാത്ത സ്‌നേഹത്തിലും മനുഷ്യനന്മയിലും വിശ്വസിച്ച, മലയാള സിനിമയെ ലോകസിനിമയ്‌ക്കൊപ്പം നടത്തിച്ച ചലച്ചിത്രകാരൻ ഇനി തലമുറകൾക്ക് വെളിച്ചം.









0 comments