പോക്കുവെയിലിൽ

അതുല്യ‘പിറവി’യുടെ അവസാന നിമിഷം ; വിടചൊല്ലി നാട്‌

Shaji N Karun funeral
വെബ് ഡെസ്ക്

Published on Apr 30, 2025, 03:44 AM | 3 min read

തിരുവനന്തപുരം : തിങ്കൾ വൈകിട്ട്‌ 4.50 ആയിരുന്നു ഷാജി എൻ കരുൺ എന്ന അതുല്യ‘പിറവി’യുടെ അവസാന നിമിഷം. ചൊവ്വ വൈകിട്ട്‌ 5.10ന്‌ പെയ്യാൻ വിതുമ്പുന്ന ആകാശം സാക്ഷിയായി ആ ദേഹം തൈക്കാട്‌ ശാന്തികവാടത്തിൽ എരിഞ്ഞടങ്ങി. മരണവിവരം അറിഞ്ഞതുമുതൽ മലയാള സിനിമയെ ലോകത്തിന്റെ വിശാലതയിലേക്ക്‌ കൈപിടിച്ചുയർത്തിയ കലാകാരനെ അവസാനനോക്കു കാണാൻ നാനാമേഖലയിൽ നിന്നുള്ളവർ ഒഴുകിയെത്തി. ശാന്തികവാടം വരെയുള്ള യാത്രയിലും അവർ ഒപ്പമുണ്ടായി. മന്ത്രി സജി ചെറിയാൻ മുഴുവൻ സമയവും മേൽനോട്ടവുമായി നിന്നു.


വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലെത്തി മന്ത്രിമാരായ വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, കെ രാജൻ തുടങ്ങിയവർ ഉറ്റവരെ ആശ്വസിപ്പിക്കുകയും അന്തിമോപാചാരം അർപ്പിക്കുകയും ചെയ്‌തിരുന്നു. വർഷങ്ങൾ നീണ്ട സൗഹൃദത്തിന്റെ ഓർമകളുമായി സംവിധായകനും തിരക്കഥാകൃത്തുമായ ടി വി ചന്ദ്രനും ശ്രീകുമാരൻ തമ്പിയും ഉൾപ്പെടെയുള്ളവർ എത്തി. ഒരു വർഷമായി അർബുദ ചികിത്സയിൽ ആയിരുന്നെങ്കിലും ആ നഷ്‌ടം ഉൾക്കൊള്ളുക ആർക്കും എളുപ്പമായിരുന്നില്ല. ചൊവ്വ രാവിലെ പത്തിന്‌ വഴുതക്കാട്‌ കലാഭവനിൽ മൃതദേഹം പൊതുദർശനത്തിന്‌ എത്തിച്ചു. കടുത്ത ക്ഷീണത്തിലും കഴിഞ്ഞ നാലുവരെ ചലച്ചിത്ര വികസന കോർപറേഷന്റെ ഓഫീസിൽ അദ്ദേഹം കർമനിരതനായിരുന്നു. അന്നുച്ചയോടെ ശാരീരികാസ്വസ്ഥത തോന്നിയതോടെ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. പിന്നീട്‌ കലാഭവനിലെത്തിയത്‌ ചലനമറ്റും. കലാ സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ ഇവിടെ അന്ത്യാഞ്ജലി അർപ്പിച്ചു.


ആദ്യ സിനിമയായ പിറവിയിലെ അഭിനേത്രി അർച്ചനയടക്കം അദ്ദേഹത്തിന്റെ സിനിമയിൽ പ്രവർത്തിച്ച നിരവധിപേർ അവസാനമായി കാണാനെത്തി. അടൂർ ഗോപാലകൃഷ്‌ണനും കലാഭവനിൽ വന്നിരുന്നു. പൊതുദർശനത്തിനുശേഷം വീണ്ടും വസതിയിലേക്ക്‌. വൈകിട്ട്‌ 4.40ഓടെ ആംബുലൻസിൽ തൈക്കാട്‌ ശാന്തികവാടത്തിലേക്ക്‌. ഉറ്റവർ അകമ്പടിയായി. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. സമഗ്രമേഖലയിലും കൈയൊപ്പ്‌ ചാർത്തിയ പ്രതിഭയ്ക്ക്‌ ആദരവോടെ നാട്‌ വിടചൊല്ലി.


പതിവ്‌ തെറ്റി; 
കലാഭവനിൽനിന്ന്‌ 
നേരത്തേ മടങ്ങി...

വഴുതക്കാടുള്ള ചലച്ചിത്രവികസന കോർപറേഷന്റെ ഓഫീസിൽ രാവിലെ പത്തിനു മുൻപേ ഷാജി എൻ കരുൺ എത്തിയിരിക്കും. ഓഫീസ്‌ സമയവും കഴിഞ്ഞ്‌ വൈകിട്ട്‌ ആറിനേ ഇവിടെ നിന്ന്‌ മടങ്ങൂ. കെഎസ്‌എഫ്‌ഡിസി ചെയർമാനായപ്പോൾ മുതലുള്ള പതിവ്‌. പക്ഷേ, ചൊവ്വാഴ്‌ച അതു തെറ്റി. രണ്ടര മണിക്കൂറാണ്‌ ഷാജി എൻ കരുണിന്റെ സാന്നിധ്യം കലാഭവനിൽ ഉണ്ടായിരുന്നത്‌. അദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ്‌ രാവിലെ പത്തോടെ കലാഭവൻ തിയേറ്ററിൽ എത്തിയത്‌. അവസാനമായി കാണാൻ കാത്തുനിന്ന നൂറുകണക്കിന്‌ പ്രിയപ്പെട്ടവർക്കുമുന്നിൽ അദ്ദേഹം നിശ്‌ചലമായി കിടന്നു. സംവിധാനം/ ഛായാഗ്രഹണം ഷാജി എൻ കരുൺ എന്ന അക്ഷരങ്ങൾ തെളിഞ്ഞ സ്‌ക്രീനിൽ ആ മുഖം നിറഞ്ഞു. ഛായാഗ്രഹണം നിർവഹിച്ച "ഒന്നു മുതൽ പൂജ്യം വരെ' സിനിമയിലെ "പൊന്നും തിങ്കൾ പോറ്റും മാനേ...' ഈണം പശ്‌ചാത്തല സംഗീതമായി. പന്ത്രണ്ടരയോടെ പൊതുദർശനം പൂർത്തിയായി.


shaji n karun



മുഖ്യമന്ത്രിക്ക്‌ വേണ്ടി മന്ത്രി വി ശിവൻകുട്ടിയും സംസ്ഥാനസർക്കാരിനുവേണ്ടി കലക്ടർ അനുകുമാരിയും പുഷ്‌പചക്രം സമർപ്പിച്ചു. ദേശാഭിമാനിക്കുവേണ്ടി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌ പുഷ്‌പചക്രം അർപ്പിച്ചു. സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ, മന്ത്രിമാരായ സജി ചെറിയാൻ, ആർ ബിന്ദു, കെ ബി ഗണേഷ്‌കുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സംവിധായകരായ അടൂർ ഗോപാലകൃഷ്‌ണൻ, ബ്ലെസി, ഹരിഹരൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, എ സമ്പത്ത്‌, പി കരുണാകരൻ, മധുപാൽ, ഡോ. കെ പി മോഹനൻ, അശോകൻ ചരുവിൽ, വി മധുസൂദനൻനായർ, സൂര്യ കൃഷ്ണമൂർത്തി, മാങ്കോട് രാധാകൃഷ്ണൻ, പി ശശി, ദിവ്യ എസ് അയ്യർ, നടി അർച്ചന, പട്ടണം റഷീദ്, ശ്രീവത്സൻ ജെ മേനോൻ, കെ ജയകുമാർ, സക്കറിയ, ടി കെ രാജീവ്‌ കുമാർ, പ്രൊഫ. അലിയാർ, ജലജ, മായ വിശ്വനാഥ്‌, എം എം ഹസ്സൻ, പി ശ്രീകുമാർ, ബൈജു ചന്ദ്രൻ, ബി ഉണ്ണികൃഷ്ണൻ, എം വിൻസന്റ് എംഎൽഎ, വിധു വിൻസന്റ്, മുരുകൻ കാട്ടാക്കട, സി അജോയ്, എസ് കുമാർ, എ ജി ഒലീന, സജിത മഠത്തിൽ, ജാൻസി ജെയിംസ്, മിനി ആന്റണി, ജെയിംസ് ജോസഫ്, കെ വി മോഹൻകുമാർ, എസ് ബിന്ദു, രാധാകൃഷ്ണൻ മംഗലത്ത്‌, ജി എസ് പ്രദീപ്, ഡോ. ബിജു, സി ദിവാകരൻ, പ്രമോദ് പയ്യന്നൂർ, കല്ലറ ഗോപൻ, എം സത്യൻ, മഹേഷ്‌ പഞ്ചു, കുക്കു പരമേശ്വരൻ, അടൂർ പ്രകാശ് എംപി, കെ മുരളീധരൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.


ലളിതം ആ ജീവിതം

‘സത്യസന്ധത, കൃത്യനിഷ്‌ഠ എന്നിവയിൽ വിട്ടുവീഴ്‌ചയില്ലാത്ത ആളായിരുന്നു ഷാജി സർ. ഒരിക്കലും വഴക്കുപറയില്ല. ഹൃദ്യമായ രീതിയിലാണ്‌ മറ്റുളളവരോട്‌ പരിചയപ്പെടുത്തുക’–- -ഒന്നരപ്പതിറ്റാണ്ടായി ഷാജി എൻ കരുണിന്റെ പേഴ്‌സണൽ അസിസ്‌റ്റന്റായ അജേഷ്‌ വേണുഗോപാൽ പറഞ്ഞു.


‘അർബുദം മൂർച്ഛിച്ചപ്പോൾ രണ്ടുദിവസം സ്വകാര്യ ആശുപത്രിയിലാക്കിയിരുന്നു. വീട്ടിൽ പോകണമെന്ന്‌ അദ്ദേഹം പറഞ്ഞതനുസരിച്ച്‌ വെള്ളിയാഴ്‌ച തിരിച്ചെത്തി. മരണം വീട്ടിൽനിന്നായിരിക്കണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചുകാണണം. പിന്നീട്‌ മൂന്നുദിവസം മാത്രമാണ്‌ ജീവിച്ചത്‌’–- അജേഷിന്റെ വാക്കുകൾ മുറിഞ്ഞു.


എം കെ സാനുവിനെക്കുറിച്ച്‌ ഗ്രീൻ ബുക്‌സ്‌ ഉടമ കൃഷ്ണദാസ് നിർമിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത്‌ ഷാജി എൻ കരുൺ ആയിരുന്നു. ഛായാഗ്രഹണം അജേഷും . ‘ഒരിക്കൽപ്പോലും ജോലിയിൽ ഇടപെട്ടില്ല. രാജ്യത്തെയും വിദേശരാജ്യങ്ങളിലെയും ചലച്ചിത്രമേളകളിൽ ഒപ്പം കൊണ്ടുപോകും. ഒരിക്കൽ ഗോവ ഫിലിം ഫെസ്‌റ്റിനിടെ റോഡിലൂടെ നടക്കുകയായിരുന്നു. പിറകിൽനിന്ന്‌ ഷാജി സാറിനെ വിളിച്ചുകൊണ്ട്‌ ഒരാൾ ഓടിവന്ന്‌ കെട്ടിപ്പിടിച്ചു. വൈകിട്ട്‌ കാണണമെന്ന്‌ പറഞ്ഞു. അദ്ദേഹം റൂമിലേക്ക്‌ ക്ഷണിച്ചു.


ജോക്കറിന്റെ സംവിധായകൻ ടോഡ്‌ ഫിലിപ്‌സായിരുന്നു അത്‌. വിഖ്യാത ചലച്ചിത്രകാരരുമായി വലിയ അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു. ഐഎഫ്‌എഫ്‌കെ ക്യുറേറ്ററായി ഗോൾഡ സെല്ലത്തെ നിയോഗിച്ചതും അദ്ദേഹമാണ്‌. ഡിസംബറിൽ നടക്കാനിരിക്കുന്ന ചലച്ചിത്രമേളയുടെ പണികളും തുടങ്ങിയിരുന്നു.


എന്റെ മൂത്ത മകൾ നിളയെ എഴുത്തിനിരുത്തിയത്‌ ഷാജി സാറായിരുന്നു. വിദേശത്ത്‌ പോയിവരുമ്പോൾ അവൾക്ക്‌ സമ്മാനം കൊണ്ടുവരും.

എന്തെങ്കിലും അസുഖം വന്നാൽ ആദ്യം ആശുപത്രിയിൽ എത്തുന്നതും അദ്ദേഹമായിരിക്കും. കണ്ണടച്ചാൽ അദ്ദേഹമാണ്‌. അച്ഛനെക്കാൾ അടുപ്പമായിരുന്നു. ലളിതമായ ജീവിതമായിരുന്നു. എന്റെ സുഹൃത്ത്‌ അജീഷ്‌ തോമസും സഹായിയായി പ്രവർത്തിച്ചിരുന്നു. രണ്ടുപേരെയും ഒരുപോലെ കണ്ട സ്‌നേഹവും കരുതലുമാണ്‌ നഷ്ടമായത്‌–-അജേഷ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home