ഓർമകളുടെ 
പിറവി ; മൂന്നുതവണ കാനിലെത്തിയ 
അപൂർവ പ്രതിഭ

shaji n karun demise
വെബ് ഡെസ്ക്

Published on Apr 29, 2025, 03:02 AM | 2 min read


തിരുവനന്തപുരം : മലയാളസിനിമയെ ലോകത്തോളം വളർത്തിയ ചലച്ചിത്രപ്രതിഭ ഷാജി എൻ കരുൺ വിടവാങ്ങി. വഴുതക്കാട്‌ ഉദാരശിരോമണി റോഡിലെ വസതി ‘പിറവി’യിൽ തിങ്കൾ വൈകിട്ട്‌ 4.50നായിരുന്നു അന്ത്യം. 73വയസായിരുന്നു. അർബുദത്തിന്‌ ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വ വൈകിട്ട്‌ അഞ്ചിന്‌ തൈക്കാട്‌ ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ. പകൽ പത്തുമുതൽ 12 വരെ കലാഭവനിൽ പൊതുദർശനം.


ഛായാഗ്രാഹകൻ, സംവിധായകൻ എന്നീ നിലകളിൽ അന്താരാഷ്‌ട്ര പ്രശസ്‌തനായിരുന്നു. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ, സംസ്ഥാനസർക്കാരിന്റെ സിനിമാനയ രൂപീകരണസമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റുമായിരുന്നു. നാൽപ്പതോളം ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ്‌. ജി അരവിന്ദന്റെ കാമറാമാനായി മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് സർഗാത്മക ഊർജമേകി. പിറവി, സ്വം, വാനപ്രസ്ഥം എന്നിവയിലൂടെ, കാൻ മേളയുടെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായി മൂന്ന്‌ ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെടുന്ന അപൂർവത സ്വന്തമാക്കിയ സംവിധായകനായി.


1952ൽ കൊല്ലം ജില്ലയിൽ ജനിച്ച ഷാജി എൻ കരുൺ, യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് ബിരുദവും 1974ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമയും നേടി. 1975ൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ രൂപീകരിക്കാനുള്ള ആസൂത്രണത്തിൽ മുഖ്യപങ്ക്‌ വഹിച്ചു. 1976ൽ കെഎസ്എഫ്ഡിസിയിൽ ഫിലിം ഓഫീസറായി. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദൻ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടി. ‘പിറവി'യാണ് (1988) ആദ്യം സംവിധാനം ചെയ്‌ത സിനിമ. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയും ശ്രദ്ധേയമായി.


ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ ‘ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ്‌ ലെറ്റേഴ്‌സ്' ലഭിച്ചു. 2011ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. അവശതയിലും സംസ്ഥാന സർക്കാരിന്റെ 2023ലെ ജെ സി ഡാനിയേൽ പുരസ്‌കാരം ഏറ്റുവാങ്ങാൻ 16ന്‌ നേരിട്ടെത്തി. 1998ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനായിരുന്നു. അദ്ദേഹം ചെയർമാനായിരിക്കവെയാണ്‌ ഐഎഫ്എഫ്കെയിൽ മത്സരവിഭാഗം ആരംഭിച്ചതും മേളയ്ക്ക് ഫിയാഫിന്റെ അംഗീകാരം ലഭിച്ചതും.


ഡോ. പി കെ ആർ വാര്യരുടെ മകൾ അനസൂയ വാര്യരാണ്‌ ഭാര്യ. മക്കൾ: അനിൽ ഷാജി (ഡീൻ, ഐസർ, തിരുവനന്തപുരം) അപ്പു ഷാജി (ജർമനി) മരുമക്കൾ: ഡോ. നീലിമ (സൈക്കോളജിസ്റ്റ്, ഐസർ), ശീതൾ (സൈബർ സ്പെഷ്യലിസ്റ്റ്, ജർമനി ).



deshabhimani section

Related News

View More
0 comments
Sort by

Home