നഷ്ടങ്ങളിൽ ഒരുപിടി ചിത്രങ്ങൾ ; ഭരണനിർവഹണ’ത്തിലും സംവിധാനമികവ്

എ കെ ജി സിനിമയുടെ സ്വിച്ച‍്ഓൺ സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് നിവഹിക്കുന്നു. പി കരുണാകരൻ, പിണറായി വിജയൻ, വി എസ് അച്യുതാനന്ദൻ, ഷാജി എൻ കരുൺ തുടങ്ങിയവര്‍ സമീപം
തിരുവനന്തപുരം : മോഹൻലാലിനെ നായകനാക്കി ചിത്രമൊരുക്കാൻ ഷാജി എൻ കരുൺ ആഗ്രഹിച്ചു. പി പത്മരാജന്റെ നോവൽ ‘മഞ്ഞുകാലം നോറ്റ കുതിര’യെ ആധാരമാക്കിയായിരുന്നു സിനിമ. മോഹൻലാലുമായി ചർച്ചയും നടന്നിരുന്നു. ഇതിൽ സഹകരിക്കാൻ തബല വിസ്‌മയം സാക്കിർഹുസൈൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ‘വാനപ്രസ്ഥ’ത്തിൽ സംഗീതം നൽകിയത് അദ്ദേഹമായിരുന്നു. വീണ്ടും ഒന്നിച്ച് ജോലിചെയ്യുന്നതിലെ സന്തോഷം ഷാജിക്കുണ്ടായിരുന്നു. സാക്കിർഹുസൈന്റെ അപ്രതീക്ഷിത മരണം വേദനയുണ്ടാക്കി.
വിജയ് സേതുപതിയും ഷാജിയോട് സിനിമ ഒരുക്കാൻ ആവശ്യപ്പെട്ടു, അതിൽ അഭിനയിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു. സിനിമ നിർമിക്കാമെന്ന് താൽപ്പര്യം പ്രകടിപ്പിച്ച് മുകേഷ് അംബാനിയുടെ ജിയോ സിനിമയും സമീപിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗമായിനിന്നുള്ള ഔദ്യോഗിക ഉത്തരവാദിത്വം തീർത്തതിനുശേഷം സിനിമയെടുക്കാമെന്ന നിലപാടിലായിരുന്നു ഷാജി.
ടി പത്മനാഭന്റെ ‘കടൽ’ എന്ന ചെറുകഥ ‘ഗാഥ’ എന്ന പേരിൽ ചലച്ചിത്രമാക്കാൻ 2020ൽ തിരക്കഥയുൾപ്പെടെ പൂർത്തിയാക്കി. സംഗീതവും ചിട്ടപ്പെടുത്തി. ചില പ്രത്യേക കാരണങ്ങളാൽ ചിത്രീകരണം നീണ്ടുപോയി.
ആ ഡോക്യുമെന്ററികൾ പൂർത്തീകരിക്കാനാകാതെ...
രണ്ട് ഡോക്യുമെന്ററികളുടെ പണിപ്പുരയിലായിരുന്നു അവസാന ദിവസങ്ങളിൽ. സാനുമാഷിനെക്കുറിച്ചുള്ളത് ഏറെക്കുറെ പൂർത്തിയായതാണ്. രോഗം തളർത്തുംവരെ അദ്ദേഹം അതിനായി പണിയെടുത്തു. ഗ്രീൻബുക്‌സായിരുന്നു നിർമാണം. മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ്ബിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ നിർമാണവും തുടങ്ങിയിരുന്നു
‘ഭരണനിർവഹണ’ത്തിലും സംവിധാനമികവ്
മലയാള സിനിമയെ വളർച്ചയിലേക്ക് നയിക്കാൻ ഭരണതലത്തിലും സാംസ്‌കാരികതലത്തിലും ഷാജി എൻ കരുണിനേപ്പോലെ ഇടപെട്ട മറ്റൊരു ചലച്ചിത്രകാരനില്ല. ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ 1998ൽ ആണ് ചലച്ചിത്ര അക്കാദമി രൂപീകരിച്ചത്. അതിന്റെ തലപ്പത്ത് ഷാജി എൻ കരുണിനെപ്പോലെ മറ്റൊരുപേര് ഉണ്ടായില്ല. സ്ഥാനം ഏറ്റെടുത്ത അദ്ദേഹം കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്‌എഫ്‌കെ ) മത്സരവിഭാഗം ആരംഭിച്ചു. മൂന്നാംലോകരാജ്യങ്ങളിലെ പോരാട്ടങ്ങളും അതിജീവനങ്ങളുമായിരിക്കണം ചലച്ചിത്രമേളയുടെ ഫോക്കസ് എന്ന് നിർവചിച്ചു. കുറഞ്ഞ കാലത്തിനകം ഏഷ്യയിലെ മികച്ച മേളയാക്കി ഐഎഫ്‌എഫ്‌കെയെ മാറ്റിയെടുത്തു.
ചലച്ചിത്രവികസന കോർപറേഷൻ ചെയർമാനായിരിക്കെ എസ്‌സി, എസ്‌ടി വിഭാഗക്കാരെയും വനിതാസംവിധായകരെയും പ്രോത്സാഹിപ്പിക്കാൻ പദ്ധതി തയ്യാറാക്കി. 2019 മുതൽ ആരംഭിച്ച പദ്ധതിയിൽ എട്ടോളം ചിത്രങ്ങൾ പുറത്തിറങ്ങി. സർക്കാർതലത്തിൽ ഒടിടി പ്ലാറ്റ്‌ഫോം ഉണ്ടാകണമെന്ന നിലപാടിൽ സി സ്‌പേസ് എന്ന പദ്ധതി വിഭാവനംചെയ്‌തു. സിനിമ കാണാൻ കുറഞ്ഞനിരക്കിൽ ഇ ടിക്കറ്റ് എടുക്കാൻ പുതിയ സംവിധാനത്തെക്കുറിച്ചും അദ്ദേഹം സ്വപ്‌നം കണ്ടു. ചിത്രാഞ്‌ജലിയുടെ നവീകരണത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കി.
സിനിമയെ വ്യവസായമായി അംഗീകരിച്ച് സിനിമാനയം ഉണ്ടാക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ അതിന്റെ സമിതിയുടെ ചെയർമാനായി കണ്ടതും ഷാജി എൻ കരുണിനെയായിരുന്നു. അതിന്റെ കരട് തയ്യാറാക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു. അതിനായി സിനിമാ കോൺക്ലേവ് മേയിൽ നടത്താനുള്ള ഒരുക്കത്തിനിടെയാണ് അപ്രതീക്ഷിത മരണം.
ഐക്യനിര കെട്ടിപ്പടുക്കാൻ അവിശ്രമം പരിശ്രമിച്ചു
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എൻ കരുണിന്റെ വിയോഗത്തിൽ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ഏറെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ട ഘട്ടത്തിൽ നായകനെയാണ് പുരോഗമന കലാസാഹിത്യസംഘത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്.
മനുഷ്യബന്ധങ്ങളുടെ മഹത്തായ ആവിഷ്കാരങ്ങളാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ. ഉന്നതമായ മാനവികതയുടെ ലോകം പ്രേക്ഷകനുമുന്നിൽ തുറന്നുവച്ചു. കേരളത്തിന്റെ പ്രകൃതിയും മനുഷ്യജീവിതവും ചലച്ചിത്രാഖ്യാനത്തിലൂടെ അനശ്വരമായി. അധികാരഘടനയുടെ ഉരുക്കുമുഷ്ടികളിൽ മറഞ്ഞുപോയ മനുഷ്യജീവിതത്തിന്റെ ആവിഷ്കാരമായിരുന്നു പിറവി. മകനെ അന്വേഷിച്ച് അധികാരത്തിന്റെ ഇടനാഴികളിൽ കരൾപൊട്ടി അലഞ്ഞുനടക്കുന്ന ഒരച്ഛൻ ലോകത്തെവിടെയുമുള്ള പ്രേക്ഷകർക്ക് മനസ്സിലെ ഉണങ്ങാത്ത മുറിവായി. 2018 മുതൽ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റാണ്.
എഴുത്തിലും കലയിലും ഉയർന്നുവരേണ്ട നവസാങ്കേതികവിദ്യയുടെ പുതുവഴികളെക്കുറിച്ച് ഓർമപ്പെടുത്തി സംഘത്തെ നയിച്ചു. പ്രവർത്തനങ്ങൾക്ക് സർഗാത്മക മുഖം നൽകി. മതേതര ജനാധിപത്യവിശ്വാസികളായ സാംസ്കാരിക പ്രവർത്തകരുടെ വിപുലമായ ഐക്യനിര കെട്ടിപ്പടുക്കാൻ അവിശ്രമം പരിശ്രമിച്ചെന്നും ജനറൽ സെക്രട്ടറി ഡോ. കെ പി മോഹനൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.









0 comments