സ്‌നേഹത്തിരശ്ശീലയിൽ ഓർമകളുടെ പിറവി

പിറവിയിൽ ഒരുക്കിയ സ്നേഹപൂർവം സ്നേഹക്കൂട്ടായ്മയിൽ പങ്കെടുക്കാനെത്തിയ കുക്കു പരമേശ്വരൻ, സംവിധായകൻ ശ്യാമപ്രസാദ് എന്നിവർ ഷാജി എൻ കരുണിന്റെ ചിത്രങ്ങളുടെ പ്രദർശനം കാണുന്നു
തിരുവനന്തപുരം :
ഞായറാഴ്‌ച ‘പിറവി’യിൽ ഓർമയും സൗഹൃദവും കണ്ടുമുട്ടി. ഷാജി എൻ കരുണിന്റെ വഴുതക്കാട്ടെ വീട്ടിൽ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ഒത്തുചേർന്നു. മരണാനന്തര ചടങ്ങ് ഒഴിവാക്കിയായിരുന്നു ആ സ്‌നേഹസംഗമം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരുന്നു ചടങ്ങ് ഒഴിവാക്കിയത്. രാവിലെ മുതൽ വൈകിട്ടുവരെ പലസ്ഥലങ്ങളിൽനിന്നായി ആളുകൾ എത്തി.
വിവിധ സിനിമകളുടെ പോസ്‌റ്ററുകൾ, ഷൂട്ടിങ് ലൊക്കേഷനുകളുടെ ഫോട്ടോകൾ, അദ്ദേഹം പങ്കെടുത്ത പരിപാടികളുടെ ഫോട്ടോകൾ, അപൂർവ ചിത്രങ്ങൾ എന്നിവയുടെ പ്രദർശനവുമുണ്ടായി. സിനിമയുടെ ചിലഭാഗങ്ങൾ, പ്രസംഗങ്ങൾ തുടങ്ങിയവയും കാണിച്ചു. അദ്ദേഹം ഉപയോഗിച്ച മുറി, എഴുത്തുമുറി, പുസ്‌തകങ്ങൾ, ദീർഘകാലം ഉപയോഗിച്ച മാരുതി കാർ എന്നിവയൊക്കെ കാണാനും അറിയാനുമുള്ള സൗകര്യവുമുണ്ടായിരുന്നു. വാനപ്രസ്ഥം സിനിമയിൽ ഉപയോഗിച്ച നിലവിളക്ക് പ്രദർശനത്തിനുണ്ടായിരുന്നു. തടിയിൽ തീർത്തതാണെങ്കിലും ഓടിനെ വെല്ലുന്ന നിറവും ഭംഗിയും അതിന് ഇപ്പോഴുമുണ്ട്.
മന്ത്രി വി ശിവൻകുട്ടി, ഭാര്യ ആർ പാർവതിദേവിക്കൊപ്പം ഓർമകൾ പങ്കുവയ്‌ക്കാനെത്തി. സംവിധായകരായ അടൂർ ഗോപാലകൃഷ്‌ണൻ, ശ്യാമപ്രസാദ്, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണിരാജു, വി കെ പ്രശാന്ത്, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം വിജയകുമാർ, കുക്കു പരമേശ്വരൻ, ദിനേശ് പണിക്കർ, ഭാഗ്യലഷ്‌മി, ഉമ നായർ, നിർമാതാവ് അരോമ മോഹൻ, നീലൻ, ഛായാഗ്രാഹകരായ പ്രശാന്ത്, എസ് കുമാർ, അഴകപ്പൻ, നടൻ പി ശ്രീകുമാർ, പുരോഗമന കലാസാഹിത്യസംഘം ജില്ലാസെക്രട്ടറി എസ് രാഹുൽ, പ്രസിഡന്റ് കെ ജി സൂരജ് തുടങ്ങിയവർ പങ്കാളികളായി. ചലച്ചിത്ര അക്കാദമിയിലെയും ചലച്ചിത്ര വികസന കോർപറേഷനിലെയും ജീവനക്കാരും എത്തി.









0 comments