അപകീർത്തി കേസ്: ഷാജൻ സ്‌കറിയ അറസ്റ്റിൽ

തിരുവനന്തപുരം: വിദേശ മലയാളിയും വ്യവസായിയുമായ വനിതയെ അപകീർത്തിപ്പെടുത്തി വാർത്ത നൽകിയ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഷാജന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മാഹി സ്വദേശി ഗാന വിജയൻ നൽകിയ അപകീർത്തി പരാതിയിലാണ് അറസ്റ്റ്. കുടപ്പനക്കുന്നിലെ വീട്ടിൽനിന്ന് തിങ്കൾ രാത്രി 9.30ഓടെയായിരുന്നു അറസ്റ്റ്. ജഡ്‌ജി ശ്വേത ശശികുമാറിന്റ വസതിയിൽ രാത്രി 12ഓടെയാണ് ഷാജനെ ഹാജരാക്കിയത്.
യുഎഇയിൽ വ്യവസായിയായ ഗാനയ്‌ക്കെതിരെ അപകീർത്തികരവും മോശം ഭാഷകളുമുപയോഗിച്ചുള്ള വീഡിയോ മറുനാടൻ മലയാളിയുടെ യൂട്യൂബിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്കും മാസങ്ങൾക്കുമുമ്പ് ഗാന ഇ-–-മെയിൽ വഴി പരാതി നൽകിയിരുന്നു. വഞ്ചിയൂരിലെ എസിജെഎം കോടതിയിൽ നേരിട്ട് ഹാജരായി രഹസ്യമൊഴിയും നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ് സംഹിതയിലെ 79–-ാം വകുപ്പ്, ഐടി നിയമത്തിലെ 120–-ാം വകുപ്പ് തുടങ്ങിയവ ചുമത്തി അറസ്റ്റ് ചെയ്‌തത്.









0 comments