'കരുത്തോടെ കണ്ണൂർ' : സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വലവിജയം

കണ്ണൂർ : കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ച് എസ്എഫ്ഐ. കണ്ണൂരിലെയും കാസർകോട്ടെയും കോളേജുകളിൽ എസ്എഫ്ഐയുടെ തേരോട്ടം. വർഗീയ ശക്തികൾക്കെതിരെ നടത്തിയ പോരാട്ടത്തിൽ വിദ്യാർഥികൾ എസ്എഫ്ഐക്കൊപ്പമാണെന്ന് തെളിയിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.
കണ്ണൂരിൽ തെരഞ്ഞെടുപ്പ് നടന്ന 55ൽ 49 കോളേജിലും എസ്എഫ്ഐ വിജയിച്ചു. കണ്ണൂരിൽ കെഎസ്‍യുവിന്റെ കുത്തകയായിരുന്ന കൂത്തുപറമ്പ് നിർമലഗിരി കോളേജ് എസ്എഫ്ഐ പിടിച്ചെടുത്തു. 14 വർഷമായി കെഎസ്‍യു ഭരിച്ചുവന്ന ചെറുപുഴ നവജ്യോതി കോളേജ് എസ്എഫ്ഐ പിടിച്ചെടുത്തു. രാജപുരം സെന്റ് പയസ് കോളേജിൽ കെഎസ്‍യു- എംഎസ്എഫ്- എബിവിപി- മാനേജ്മെന്റ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയാണ് എസ്എഫ്ഐ യൂണിയൻ നേടിയത്. മാടായി കോളേജിൽ കെഎസ്‍യു - എംഎസ്എഫ് അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി എസ്എഫ്ഐ യൂണിയൻ തിരിച്ചുപിടിച്ചു. ബ്രണ്ണൻ, പയ്യന്നൂർ, പെരിങ്ങോം കോളേജുകളിലും മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. കണ്ണൂർ എസ്എൻ കോളേജിലും എസ്എഫ്ഐ വിജയക്കൊടി പാറിച്ചു.
മൂന്നുവർഷത്തിനുശേഷം പൈസക്കരി ദേവമാതാ കോളേജ് എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചു. മത്സരം നടന്ന 10 സീറ്റിൽ മൂന്ന് മേജർ സീറ്റ് ഉൾപ്പെടെ ആറ് സീറ്റുലാണ് വിജയം. കെഎസ്‌യു– എബിവിപി കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി ചെണ്ടയാട് എംജി കോളേജും പിടിച്ചെടുത്തു. കെഎസ്‌യു കുത്തകയായിരുന്ന പേരാവൂർ ഡീപോൾ കോളേജിലും വിജയിച്ചു. സർവകലാശാല ക്യാമ്പസുകളായ പാലയാടും മാങ്ങാട്ടുപറമ്പും എസ്‌എഫ്‌ഐക്കാണ് വിജയം.
കാസർകോട് ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 18ൽ 11 കോളേജിലും എസ്എഫ്ഐ വിജയിച്ചു. 17 യുയുസിമാരും വിജയിച്ചു. കാസർകോട് ഗവ. കോളേജ് യുഡിഎസ്എഫിൽ നിന്ന് പിടിച്ചെടുത്തു. മുന്നാട് പീപ്പിൾസ് കോളേജ് ഉദുമ കോളേജ്, എളേരിത്തട്ട് കോളേജ്, കിനാനൂർ കോളേജ്, മടിക്കൈ കോളേജ്, പാലാത്തടം പി കെ രാജൻ മെമോറിയൽ ക്യാമ്പസ് പള്ളിപ്പാറ ഐഎച്ച്ആർഡി എന്നീ ക്യാമ്പസുകളിൽ മുഴുവൻ സീറ്റും നേടി. നേരത്തെ അഞ്ചിടത്ത് എസ്‌എഫ്‌ഐ എതിരില്ലാതെ ജയിച്ചിരുന്നു.
കാസർകോട് ഗവ. കോളേജിൽ ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്‌റ്റൻ, യുയുസി, മാഗസിൻ എഡിറ്റർ എന്നീ സീറ്റുകളിൽ എസ്‌എഫ്‌ഐ ജയിച്ചു. മഞ്ചേശ്വരം കോളേജ് ജനറൽ ക്യാപ്റ്റൻ, പിജി റെപ്പ് സീറ്റുകൾ എസ്‌എഫ്‌ഐ നേടി. പടന്നക്കാട് സി കെ നായർ കോളേജിൽ റെപ്പ്, രണ്ട് അസോസിയേഷൻ സീറ്റുകളും നേടി. പെരിയ അംബേദ്‌കർ കോളേജിൽ മൂന്ന് അസോസിയേഷൻ സീറ്റുകളും നേടി.
വയനാട്ടിൽ അഞ്ചിൽ മൂന്നു കോളേജുകളിലും എസ്‌എഫ്‌ഐക്ക് വിജയം. മാനന്തവാടി ഗവ. കോളേജിൽ തുടർച്ചയായ 18–ാം തവണ എസ്‌എഫ്‌ഐ വിജയച്ചു. പി കെ കാളൻ മെമ്മോറിയൽ കോളേജ്, തോണിച്ചാലിലെ കണ്ണൂർ സർവകലാശാല സെന്റർ എന്നിവിടങ്ങളിലെ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജില്ലയിൽ നിന്നും രണ്ട് യുയുസിമാരാണ് എസ്‌എഫ്‌ഐ പാനലിൽ വിജയിച്ചത്.









0 comments