ആർഎസ്എസിന്റെ ജ്ഞാനസഭയിൽ വി സിമാർ; കാവിവത്കരണം അനുവദിക്കില്ലെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: ആർഎസ്എസിന്റെ ജ്ഞാനസഭയിൽ കേരളത്തിലെ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുക്കുന്നത് മതനിരപേക്ഷ സമൂഹത്തിന് അംഗീകരിക്കാനാകാത്തതെന്ന് എസ്എഫ്ഐ. സർവകലാശാലകളുടെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയ്ക്ക് വിരുദ്ധമാണിത്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുവാനുള്ള ആർഎസ്എസ് അജണ്ടയാണ് കേരള ഗവർണറും വൈസ് ചാൻസലർമാരും നടപ്പിലാക്കികൊണ്ടിരിക്കുന്നത്. സർവകലാശാല ചട്ടങ്ങളെ മറികടന്നുകൊണ്ട് സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റിലേക്കും വെറ്റിനറി സർവകലാശാല മാനേജ്മെന്റ് കൗൺസിലേക്കും ആർഎസ്എസ് അനുകൂലികളെ തിരുകികയറ്റാൻ ശ്രമിച്ച ഗവർണറുടെ നീക്കവും ഇതേ ലക്ഷ്യം മുന്നിൽകണ്ടുകൊണ്ടുള്ളതാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും പ്രസിഡന്റ് എം ശിവപ്രസാദ് പ്രസ്താവനയിലൂടെ അറിയിച്ചു.
രാജ്ഭവന് നൽകിയ പ്രഗത്ഭരായ വ്യക്തികളുടെ ലിസ്റ്റ് തള്ളികളഞ്ഞുകൊണ്ടാണ് വെറ്റിനറി സർവകലാശാലയിൽ ബിജെപി അധ്യാപക സംഘടന അംഗങ്ങളായ സംഘപരിവാറുകാരെ ഗവർണർ തിരുകി കയറ്റിയത്. സംസ്‌കൃത സർവകലാശാലയിലും ഇതേനിലയിൽ സർവകലാശാല നൽകിയ പേരുകൾ വെട്ടി ആർഎസ്എസുകാരെ സിൻഡിക്കേറ്റിലേക്ക് നിർദേശിച്ചു.
ആർഎസ്എസ് നിയന്ത്രണത്തിലുള്ള ശിക്ഷ സംസ്കൃതി ഉദ്ധാൻ സംഘടിപ്പിക്കുന്ന ജ്ഞാനസഭയിലാണ് കേരളത്തിലെ 5 സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുക്കുന്നത്. ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭഗവത് അടക്കം പങ്കെടുക്കുന്ന വി സിമാർ പങ്കെടുക്കുന്നത് കേരളത്തിന്റെ സർവകലാശാലകളെ ആർഎസ്എസ് നിയന്ത്രണത്തിൽ കൊണ്ടുവരാൻ ലക്ഷ്യംവെച്ചുകൊണ്ടാണ്.
സർവകലാശാല ചട്ടങ്ങളെ മറികടന്നുകൊണ്ടുള്ള ഗവർണറുടെ നീക്കങ്ങൾക്കെതിരെ കരുത്തുറ്റ സമരപ്രക്ഷോഭങ്ങളുമായി എസ്എഫ്ഐ മുന്നോട്ട് പോകും. കേരളത്തിന്റെ കലാശാലകളെ ആർഎസ്എസിന് കീഴ്പ്പെടുത്തുവാൻ അനുവദിക്കില്ലെന്നും എസ്എഫ്ഐ പ്രസ്താവനയിൽ അറിയിച്ചു.









0 comments