ഉന്നത വിദ്യാഭ്യാസമേഖലയിലെ കാവിവൽക്കരണം ; എസ്‌എഫ്‌ഐ ഇന്ന് പഠിപ്പ് മുടക്കും

തിരുവനന്തപുരം
ഗവർണറെ ഉപയോഗിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനും തകർക്കാനുമുള്ള ആർഎസ്‌എസ് നീക്കം എതിർത്ത വിദ്യാർഥികളെ അറസ്‌റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ വ്യാഴാഴ്‌ച സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കും. മതനിരപേക്ഷതയും ജനാധിപത്യവും ഉന്നതവിദ്യാഭ്യാസവും വിദ്യാഭ്യാസമേഖലയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലാകേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തുമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആർഎസ്‌എസ് അജണ്ടയെപ്പറ്റി പ്രതിപക്ഷവും കോൺഗ്രസും മിണ്ടുന്നില്ല. സമരം വി ഡി സതീശന് ഗുണ്ടായിസമായാണ് തോന്നുന്നത്. പ്രതിപക്ഷനേതാവിന്റെ പ്രസ്‌താവന മതേതര കേരളം തള്ളിക്കളയും. അദ്ദേഹത്തിന് ആർഎസ്‌എസിനെ ഭയമാണ്. കെഎസ്‌യുവിനെപ്പോലും സമരം ചെയ്യാൻ അനുവദിക്കുന്നില്ല.
വിസിയുടെ മേശപ്പുറത്ത് വിദ്യാർഥികളെയും സർവകലാശാലയെയും ബാധിക്കുന്ന ആയിരത്തോളം ഫയലുകളുണ്ട്. സിസ തോമസും മോഹനൻ കുന്നുമ്മേലും അവരെ നിയന്ത്രിക്കുന്ന ഗവർണറും ഉദ്യോഗസ്ഥരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. ഉന്നതവിദ്യാഭ്യാസമേഖലയെ വർഗീയശക്തികൾക്ക് അടിയറവയ്‌ക്കാൻ അനുവദിക്കില്ല. യോഗ്യതയില്ലാത്ത ഒരു വൈസ്‌ചാൻസലറെയും ഭരണം നടത്താൻ അനുവദിക്കില്ല–-ശിവപ്രസാദ് പറഞ്ഞു.









0 comments