മാധ്യമങ്ങളുടെ വളഞ്ഞിട്ടുള്ള ആക്രമണത്തിൽ എസ്എഫ്ഐ തളരില്ല: പി എം ആർഷോ

തിരുവനന്തപുരം: ഇടതുവിരുദ്ധത ഇന്ധനമാക്കി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ വളഞ്ഞിട്ടുള്ള ആക്രമണങ്ങൾ സംഘടനയെ തളർത്തിയിട്ടില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. വിമർശനങ്ങളെ അംഗീകരിച്ച് പോരായ്മകളുണ്ടായിട്ടുണ്ടെങ്കിൽ അവ തിരുത്താനുള്ള തീരുമാനങ്ങൾ സ്വീകരിക്കും.
ടി പി ശ്രീനിവാസൻ വിഷയത്തിൽ 9 വർഷത്തിന് മുമ്പെടുത്ത അഭിപ്രായത്തിൽനിന്ന് വ്യതിചലിച്ചിട്ടില്ല. വിദേശ സർവകലാശാലയുമായി ബന്ധപ്പെട്ട നിലപാടിലും മാറ്റമില്ല. 2016ൽ ലോകോത്തര സർവകലാശാലകളുടെ ഓഫ്ക്യാമ്പസ് സെന്ററുകൾ വരുന്ന സാഹചര്യമായിരുന്നില്ല കേരളത്തിലുണ്ടായിരുന്നത്. വിദേശ സർവകലാശാലകളുടെ കടന്നുവരവ് സ്വാഗതം ചെയ്യുന്ന നിലപാട് സർക്കാരും കൊണ്ടുവന്നിട്ടില്ല. സ്വകാര്യ സർവകലാശാലകൾ കടന്നുവരുമ്പോൾ മെറിറ്റ്, സാമൂഹ്യനീതി, ഫീസ് ഘടന എന്നിവ അട്ടിമറിക്കപ്പെടാതെ വിദ്യാർഥിപക്ഷത്താണെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നിയമനിർമാണം ഉണ്ടാവണമെന്നതാണ് എസ്എഫ്ഐയുടെ ആവശ്യം. അത് സർക്കാർ പരിഗണിച്ചിട്ടുണ്ടെന്നാണ് കരട് ബില്ലിൽനിന്ന് വ്യക്തമാവുന്നതെന്ന് മാധ്യമങ്ങളോട് ആർഷോ പറഞ്ഞു.
കോട്ടയം നഴ്സിങ് കോളേജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് വിഷയത്തിൽ ആവശ്യനടപടി സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തി. എന്തുകൊണ്ടാണ് റാഗിങ് നടക്കുന്നതെന്നും കൂടാതെ ഏതൊക്കെ തരം ക്യാമ്പസുകളിലാണ് ഇത്തരത്തിൽ റാഗിങ് നടക്കുന്നതെന്നും പരിശോധിക്കപ്പെടണം. ഓരോ വർഷവും മെമ്പർഷിപ് ക്യാമ്പയിന് മുമ്പേ എസ്എഫ്ഐ ഏറ്റെടുക്കുന്നത് റാഗിങ് വിരുദ്ധ ബോധവൽക്കരണമാണെന്നും ആർഷോ പറഞ്ഞു.
Related News

0 comments