ക്യൂബയെ പിന്തുണച്ച നാടാണ് കേരളം : ജുവാൻ അഗ്യുലേര

തിരുവനന്തപുരം : അമേരിക്ക സാമ്പത്തിക– വാണിജ്യ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ക്യൂബയെ പിന്തുണച്ച ഏകനാടാണ് കേരളമെന്ന് ഇന്ത്യയിലെ ക്യൂബൻ സ്ഥാനപതി ജുവാൻ കാർലോസ് മാർസൻ അഗ്യുലേര. സാമ്പത്തിക സമത്വത്തിനായുള്ള ക്യൂബയുടെ പരിശ്രമങ്ങളിൽ കേരളത്തിന്റെ പങ്ക് വലുതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയിൽ എത്തിയതും ബയോടെക്നോളജി, ആരോഗ്യം, ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കിയതും ക്യൂബയ്ക്ക് ഊർജമായി.
ആ പിന്തുണ തുടരാനുള്ള ദൗത്യവുമായാണ് കേരളത്തിലേക്ക് വന്നത്. സ്ഥാനപതിയായശേഷമുള്ള ആദ്യ പൊതുപരിപാടി കേരളത്തിലായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ 35–-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഗ്യുലേര.
അമേരിക്കയുടെ ഉപരോധത്തിൽ രണ്ടുവർഷത്തിനിടെ ക്യൂബയുടെ ജിഡിപി 40 ശതമാനം ഇടിഞ്ഞു. ഇതിൽനിന്ന് ക്യൂബയ്ക്ക് ഉയർത്തെഴുന്നേൽക്കാനാകില്ലെന്ന് മറ്റ് രാജ്യങ്ങൾ കരുതി. അമേരിക്കയെ ഭയന്ന് അന്താരാഷ്ട്ര ബാങ്കുകളൊന്നും ക്യൂബയുമായി സാമ്പത്തിക ഇടപാടിന് തയ്യാറായില്ല. ക്യൂബയിലേക്ക് സഞ്ചരിക്കുന്നതിൽനിന്ന് അമേരിക്കൻ പൗരരെ വിലക്കി. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ മേലുള്ള ഉപരോധത്തിനെതിരെ കമ്യൂണിസ്റ്റ് പാർടി ഓഫ് ക്യൂബ, കർഷക–- വനിതാ–- തൊഴിലാളി സംഘടനകളുമായി ചേർന്നുനടത്തുന്ന സമരത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചു. അമേരിക്കൻ നയത്തിനെതിരെയുള്ള പോരാട്ടം ക്യൂബ തുടരുകയാണ്. ക്യൂബൻ ജനതയ്ക്ക് അതിജീവിക്കാൻ സാർവദേശീയ സാഹോദര്യം ആവശ്യമുണ്ട്. ഒരുമിച്ച് നിൽക്കുന്ന മനുഷ്യരെ തോൽപ്പിക്കാൻ ഒരു ശക്തിയ്ക്കുമാകില്ലെന്ന ഫിദൽ കാസ്ട്രോയുടെ വാക്കുകളോടെയാണ് ജുവാൻ കാർലോസ് പ്രസംഗം അവസാനിപ്പിച്ചത്.









0 comments