എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് പതാക ഉയർന്നു

ഫോട്ടോ: ഷിബിൻ ചെറുകര
തിരുവനന്തപുരം : മുപ്പത്തിയഞ്ചാമത് എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് തലസ്ഥാന നഗരിയിൽ പതാക ഉയർന്നു. നഗരിയായ സീതാറാം യെച്ചൂരി - കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സെൻട്രൽ സ്റ്റേഡിയം) സംഘാടകസമിതി ചെയർമാൻ എം വിജയകുമാർ പതാക ഉയർത്തി. 19 മുതൽ 21 വരെ അഭിമന്യു - ധീരജ് നഗറിലാണ് (എ കെ ജി ഹാൾ) പ്രതിനിധി സമ്മേളനം. പൊതുസമ്മേളനം നാളെ പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജിലെ രക്തസാക്ഷി ധീരജ് സ്മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ച പതാക ജാഥയും എറണാകുളം മഹാരാജാസ് കോളേജിലെ രക്തസാക്ഷി അഭിമന്യു സ്മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ച ദീപശിഖാ ജാഥയും പാറശാലയിൽ സജിൻ ഷാഹുലിന്റെ സ്മൃതികുടീരത്തിൽനിന്ന് ആരംഭിച്ച കൊടിമര ജാഥയും സെൻട്രൽ സ്‌റ്റേഡിയത്തിന് സമീപം സംഗമിച്ചു. പതാക ദീപശിഖാ ജാഥകൾ വൈകിട്ട് ആറരയോടെ ജില്ലാ അതിർത്തിയിൽ എത്തി. തുടർന്ന് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിലേക്ക് ജാഥകൾ നീങ്ങി.
ജാഥാ ക്യാപ്‌റ്റൻ ഹസ്സൻ മുബാറക്കിൽനിന്ന് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പതാക ഏറ്റുവാങ്ങി. ദീപശിഖ കെ വി അനുരാഗിൽനിന്ന് സംസ്ഥാന സെക്രട്ടറി പി എം ആർഷോയും കൊടിമരം കേന്ദ്ര കമ്മിറ്റിയംഗം എ എ അക്ഷയിൽനിന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയിയും ഏറ്റുവാങ്ങി. എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു, ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, ജോയിന്റ് സെക്രട്ടറി നിതീഷ് നാരായണൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഷെറീന സലാം, ഇ അഫ്സൽ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബിപിൻരാജ് പായം, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജെ എസ് ഷിജൂഖാൻ, വി എസ് ശ്യാമ, സിപിഐ എം നേതാക്കളായ വി എസ് പത്മകുമാർ, ആർ രാമു തുടങ്ങിയവർ പങ്കെടുത്തു.
ബുധനാഴ്ച കാൽലക്ഷം പ്രവർത്തകർ പങ്കെടുക്കുന്ന റാലിക്കു ശേഷം പകൽ 12ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പ്രതിനിധി സമ്മേളനം ഇന്ത്യയിലെ ക്യൂബൻ അംബാസഡർ ജുവാൻ കാർലോസ് മാർസൻ അഗ്യുലേര ഉദ്ഘാടനം ചെയ്യും. ക്യൂബൻ മിഷൻ ഡെപ്യൂട്ടി ഹെഡ് ആബെൽ അബല്ലെ ഡെസ്പൈ മുഖ്യാതിഥിയാകും. 503 പ്രതിനിധികളും 71 സംസ്ഥാന കമ്മിറ്റിയംഗങ്ങളും ലക്ഷ്വദീപിൽനിന്നുള്ള മൂന്ന് പ്രതിനിധികളും പങ്കെടുക്കും.














0 comments