അലകടലായി ആവേശപുരി ; കാൽ ലക്ഷം പേർ അണിനിരന്ന വിദ്യാർഥിറാലി


ബിജോ ടോമി
Published on Feb 20, 2025, 12:00 AM | 1 min read
യെച്ചൂരി–കോടിയേരി ബാലകൃഷ്ണൻ നഗർ (സെൻട്രൽ സ്റ്റേഡിയം)
അണിമുറിയാതെ ഒഴുകിയ വിദ്യാർഥി പ്രവാഹത്തിൽ തലസ്ഥാനനഗരി ആവേശക്കടലായി. എസ്‌എഫ്‌ഐ മുപ്പത്തഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന റാലിയിൽ ശുഭ്രപതാക കൈയിലേന്തി അണിനിരന്നത് കാൽലക്ഷം പേർ. യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച റാലി നഗരത്തെ ഇളക്കിമറിച്ചു. ചെണ്ടമേളത്തിന് അകമ്പടിയായി ബാനറിനു പിന്നിൽ പൊതുസമ്മേളന നഗരിയിലേക്ക് പ്രവർത്തകർ ചുവടുവച്ചതോടെ വീഥികൾ ശുഭ്രവർണമണിഞ്ഞു. പ്രസ്ഥാനം പിറവിയെടുത്ത മണ്ണിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ ഇടിമുഴക്കങ്ങളായി. വിവിധ വർഗ ബഹുജന സംഘടനകൾ റാലിക്ക് അഭിവാദ്യം അർപ്പിച്ചു. റാലി പൊതുസമ്മേളന നഗരിയിൽ പ്രവേശിച്ചതോടെ വർധിതവീര്യത്തോടെ പ്രവർത്തകർ ഇൻക്വിലാബ് മുഴക്കി. വിദ്യാർഥികൾക്കൊപ്പം ബഹുജനങ്ങൾകൂടി അണിനിരന്നതോടെ സെൻട്രൽ സ്‌റ്റേഡിയംആൾക്കടലായി. എസഎഫ്‌ഐക്കെതിരായ വ്യാജ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയായി വിദ്യാര്‍ഥി റാലി.
പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. വിദ്യാർഥി ചരിത്രത്തിൽ തെറ്റിനെതിരെ ഐതിഹാസിക പോരാട്ടം നടത്തിയ പ്രസ്ഥാനമാണ് എസ്‌എഫ്‌ഐ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നിനു മുന്നിലും പതറാതെ മുന്നോട്ടു പോയ ചരിത്രമാണ് എസ്‌എഫ്‌ഐക്കും എസ്‌എഫ്‌ഐയിൽ അണിനിരന്ന വിദ്യാർഥി സഖാക്കൾക്കും ഉള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി വി ശിവൻകുട്ടി, സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, സംഘാടകസമിതി ചെയർമാൻ എം വിജയകുമാർ, എസ്‌എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ആദർശ് എം സജി, വൈസ് പ്രസിഡന്റ് നിതീഷ് നാരായണൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഷെറീന സലാം, ഇ അഫ്സൽ, ഹസ്സൻ മുബാറക്ക്, കെ വി അനുരാഗ്, എ എ അക്ഷയ്, അഞ്‌ജുകൃഷ്ണ, വി വിചിത്ര തുടങ്ങിയവർ പങ്കെ ടുത്തു.









0 comments