കേരള വിസിയെ കാണ്മാനില്ല; സർവകലാശാലയിലേക്ക് എസ്‌എഫ്‌ഐ മാർച്ച്

തിരുവനന്തപുരം: കേരള സർവകലാശാലയിലേക്ക് എസ്‌എഫ്‌ഐയുടെ പ്രതിഷേധ മാർച്ച്. സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മേലിന്റെ നടപടികളിൽ പ്രതിഷേധിച്ചാണ് എസ്‌എഫ്‌ഐയുടെ മാർച്ച്. കേരള സർവകലാശാലയിലെ തെരഞ്ഞെടുക്കപ്പെട്ട യൂണിയനെ ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ വിസി അനുവദിച്ചിട്ടില്ല.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നാരംഭിച്ച മാർച്ച് സർവകലാശാല പരിസരത്തേക്ക് എത്തുകയായിരുന്നു. ഇവിടെ സ്ഥാപിച്ച ബാരിക്കേഡ് എസ്‌എഫ്‌ഐ പ്രവർത്തകർ മറികടക്കുകയും സർവകലാശാല മുറ്റത്തേക്ക് പ്രവേശിക്കുകയും ചെയ്തു. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എം എ നന്ദൻ, സെക്രട്ടറി എസ് കെ ആദർശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
സർവകലാശാല പാളയം ക്യാമ്പസിൽ നടന്നുവരുന്ന എസ്എഫ്ഐയുടെ അനിശ്ചിതകാല സമരത്തിന് തുടർച്ചയായി ആണ് മാർച്ചും സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നലെ ക്യാമ്പസിലുള്ള സമരപ്പന്തൽ പൊലീസ് പൊളിച്ച് മാറ്റിയിരുന്നു. പ്രവർത്തകർ ഇത് പുനർനിർമിച്ച് സമരം തുടരുകയാണ്.
വി സി മോഹനൻ കുന്നുമ്മേൽ സർസംഘചാലകായി പ്രവർത്തിക്കുന്നെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. രണ്ടാഴ്ചയിലധികമായി വിസി സർവകലാശാലയിലേക്ക് വന്നിട്ടില്ല.









0 comments