ഐക്യമാണ് വഴി, ബഹുസ്വരതയാണ് കരുത്ത്
എസ്‌എഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിന് ഉജ്വല തുടക്കം

ശശികുമാര്‍, എം കെ റെയ്ന എന്നിവരെ വേദിയിലേക്ക് സ്വീകരിക്കുന്നു. ഫോട്ടോ: മിഥുന്‍ അനില മിത്രന്‍
പി കെ സജിത്
Published on Jun 28, 2025, 01:50 AM | 1 min read
പലസ്‌തീൻ –-സോളിഡാരിറ്റി നഗർ (കോഴിക്കോട്)
സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ഐതിഹാസിക പോരാട്ടങ്ങൾക്ക് വേദിയായ കോഴിക്കോടിന്റെ മണ്ണിൽ എസ്‌എഫ്‌ഐ 18–-ാം അഖിലേന്ത്യസമ്മേളനത്തിന് ഉജ്വല തുടക്കം. വിദ്യാഭ്യാസം നമ്മുടെ അവകാശമാണ്, ഐക്യമാണ് വഴി, ബഹുസ്വരതയാണ് കരുത്ത് എന്നീ മുദ്രാവാക്യങ്ങളുയർത്തി പുതിയ കാലത്തിന്റെ കടമകൾ ഏറ്റെടുത്താണ് നാലുദിന സമ്മേളനത്തിന് തുടക്കമായത്. കോഴിക്കോട് കടപ്പുറത്തിന് സമീപത്തെ ആസ്‌പിൻ കോർട്ട്‌യാർഡിൽ (സീതാറാം യെച്ചൂരി, നേപ്പാൾദേവ് ഭട്ടാചാര്യ മഞ്ച്) പ്രതിനിധി സമ്മേളനം മാധ്യമപ്രവർത്തകൻ ശശികുമാർ, നാടകപ്രവർത്തകൻ എം കെ റെയ്‌ന എന്നിവർ ഉദ്‌ഘാടനംചെയ്‌തു. അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു അധ്യക്ഷനായി.
സമ്മേളനത്തിന് തുടക്കംകുറിച്ച് വി പി സാനു പതാക ഉയർത്തി. വിദ്യാർഥികളുടെ അവകാശപ്പോരാട്ടത്തിനിടയിൽ രക്തസാക്ഷികളായ 122 രണധീരരുടെ സ്‌മൃതിമണ്ഡപത്തിൽനിന്ന് കൊണ്ടുവന്ന പതാകകൾ സമ്മേളനനഗരിയിലുയർന്നു.
രക്തസാക്ഷി മണ്ഡപത്തിൽ നേതാക്കളും പ്രതിനിധികളും രക്തപുഷ്‌പങ്ങളർപ്പിച്ചു. വൈസ് പ്രസിഡന്റ് നിധീഷ് നാരായണൻ രക്തസാക്ഷി പ്രമേയവും കേന്ദ്രകമ്മിറ്റിയംഗം ദേബാരഞ്ജൻ ദേവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. എസ്എഫ്‌ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് അരുൺ കുമാർ, അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി, എഐഎസ്‌എഫ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ദിനേശ് ശ്രീരംഗരാജ്, എഐഎസ്‌എ കേന്ദ്രകമ്മിറ്റിയംഗം ആരത്രിക ഡേ, എഐഎസ്‌ബി അഖിലേന്ത്യാകമ്മിറ്റിയംഗം സഹൽ എന്നിവർ അഭിവാദ്യംചെയ്‌തു. സംഘാടകസമിതി ചെയർമാൻ പി എ മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രതിനിധിസമ്മേളനം ശനിയാഴ്‌ചയും ഞായറാഴ്‌ചയും തുടരും. ശനി വൈകിട്ട് നാലിന് പൂർവകാല നേതൃസംഗമത്തിൽ മുൻഭാരവാഹികളായ എം എ ബേബി, പ്രകാശ് കാരാട്ട്, ബിമൻബസു തുടങ്ങിയവർ പങ്കെടുക്കും. 30ന് പകൽ 11ന് കെ വി സുധീഷ് നഗറിൽ കാൽ ലക്ഷം വിദ്യാർഥികൾ അണിനിരക്കുന്ന മഹാറാലിയോടെ സമ്മേളനം സമാപിക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.









0 comments