ഉന്നത വിദ്യാഭ്യാസ മേഖലയുടെ കാവിവത്കരണം ചെറുക്കുക: എസ്എഫ്ഐ

തിരുവനന്തപുരം: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ കാവിവത്കരണം ചെറുക്കണമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. 2014ൽ ബിജെപി അധികാരത്തിൽ വന്നതു മുതൽ വിദ്യാഭ്യാസ മേഖലയെ ഒന്നാകെയും ഗവേഷണമുൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രത്യേകിച്ചും കാവിവത്കരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇരുണ്ട യുഗത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചു കൊണ്ടിക്കുന്നു.
എൻഇപി, എൻസിഇആർടി പരിഷ്കാരങ്ങൾ ഇതിനുള്ള നീക്കമാണ്. വിസിമാരാകാൻ അക്കാദമിക യോഗ്യത വേണ്ട എന്നതടക്കമുള്ള ഭേതഗതികൾ യുജിസി കരട് ചട്ടത്തിൽ കൊണ്ട് വരിക വഴി വി സി മാർ ആർഎസ്‌എസുകാരാണെന്ന് ഉറപ്പുവരുത്തുകയാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. സംസ്ഥാന ഭരണമില്ലാത്ത ഇടങ്ങളിൽ ചാൻസലർമാരായ ഗവർണർമാരെ ഉപയോഗിച്ച് ഫെഡറൽ തത്വങ്ങൾ പോലും കാറ്റിൽ പറത്തി കാവി അജണ്ട നടപ്പിലാക്കുന്നു. ഇത്തരത്തിൽ സംഘപരിവാർ സർക്കാരിന്റെ തീവ്രമായ കാവിവൽകരണ പദ്ധതികളെ വിദ്യാർഥി സമൂഹവും പൊതു സമൂഹവും ചെറുക്കണമെന്ന് സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.









0 comments