ലീഗിന് തിരിച്ചടി; പി എം എ സലാമിന്റെ ഡിവിഷനിൽ വിമത സ്ഥാനാർഥി

മലപ്പുറം: തിരൂരങ്ങാടി നഗരസഭയിൽ മുസ്ലിം ലീഗിലെ സ്ഥാനാർത്ഥി തർക്കം രൂക്ഷമായി തുടരുന്നു. മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി രംഗത്തെത്തി. തിരൂരങ്ങാടി നഗരസഭ ഇരുപത്തി അഞ്ചാം ഡിവിഷനിൽ നിലവിലെ തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ കൂടിയായ കാലൊടി സുലൈഖയാണ് പ്രചാരണം തുടങ്ങിയത്. ഡിവിഷനിൽ മുസ്ലീംലീഗിലെ സി പി ഹബീബയും യുഡിഎഫ് സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയിട്ടുണ്ട്.
വനിതാ സംവരണമായതോടെ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് കാലൊടി സുലൈഖ പേര് ഉയർന്നിരുന്നു. എന്നാൽ സുലൈഖയ്ക്ക് സ്ഥാനാർഥിത്വമില്ലെന്ന് കഴിഞ്ഞദിവസം ചേർന്ന തിരൂരങ്ങാടിയിലെ മുസ്‌ലിംലീഗ് ഉന്നതാധികാരസമിതി തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് സുലൈഖ വിമത സ്ഥാനാർഥിയായി രംഗത്തിറങ്ങിയത്. നേരത്തെ തിരൂരങ്ങാടിയിൽ വിമത സ്ഥാനാർഥിയായി മത്സരിച്ച് സുലൈഖ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.
അതേസമയം നിലവിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി പി ഇസ്മായിലും ഒന്നാം വാർഡംഗം സമീന മൂഴിക്കലും മുസ്ലീം ലീഗ് ലിസ്റ്റിൽ നിന്നും പുറത്താണ്. പരപ്പനങ്ങാടിയിൽ കോൺഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള സീറ്റ് ചർച്ചയും തർക്കത്തിലാണ്. മൂന്നിയൂരിൽ സീറ്റുകൾ വെച്ചു മാറണമെന്ന കോൺഗ്രസ് ആവശ്യം മുസ്ലീം ലീഗ് അംഗീകരിക്കാത്തതും കീറാമുട്ടിയായിട്ടുണ്ട്.
തിരൂരങ്ങാടിയിൽ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ഒരു സീറ്റ് നൽകി വെൽഫെയർ പാർട്ടിയെ ഒപ്പം കൂട്ടാൻ മുസ്ലീം ലീഗ് തീരുമാനിച്ചിട്ടുണ്ട്.









0 comments