കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; വി എം വിനുവിന് മത്സരിക്കാനാകില്ല; സെലിബ്രിറ്റിക്ക് പ്രത്യേകതയില്ലെന്ന് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർഥി വി എം വിനുവിന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. വോട്ടർപട്ടികയിൽ പേരില്ലാത്തത് ചോദ്യംചെയ്ത് വിനു നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിനുവിനെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി പ്രചരണം നടത്തിയ കോൺഗ്രസിനും കനത്ത തിരിച്ചടിയായി ഹൈക്കോടതി വിധി. പേരില്ലാത്തത് ഗൂഢാലോചനയാണെന്ന് ആരോപിച്ചായിരുന്നു വിനു കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി തള്ളിയ കോടതി വിനുവിനെതിരെ രൂക്ഷവിമർഷനവും ഉന്നയിച്ചു.
സെലിബ്രിറ്റി ആയതുകൊണ്ട് പ്രത്യേകതയില്ലെന്ന് കോടതി ആഞ്ഞടിച്ചു. വോട്ടർപട്ടികയിൽ പേരുണ്ടോ ഇല്ലയോ എന്ന് പോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിൽ നിൽക്കുന്നതെന്നും കോടതി ചോദിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പേരുണ്ടെങ്കിൽ ഇപ്പോൾ ഇല്ല എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി.
വോട്ടർ പട്ടികയിൽ പേരില്ലെന്ന് മനസ്സിലാക്കിയതോടെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തെന്ന പ്രചാരണവുമായി വി എം വിനുവും ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറും രംഗത്തെത്തിയിരുന്നു. 2020–ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മലാപറമ്പ് വാർഡിലെ നാലാം ബൂത്തിൽ വിനുവിന്റെയോ കുടുംബത്തിന്റെയോ പേര് വോട്ടർ പട്ടികയിലുണ്ടായിരുന്നില്ല. ഇൗ പട്ടികയിൽ ഇടം നേടണമെങ്കിൽ വീണ്ടും അപേക്ഷ നൽകണമായിരുന്നു. വോട്ടർ പട്ടിക സൈറ്റിൽ ലഭ്യമല്ലെന്നായിരുന്നു മറ്റൊരു വാദം. അതും പൊളിഞ്ഞു. 2020–ലെ വോട്ടർ പട്ടിക ഇപ്പോഴും തെരഞ്ഞെടുപ്പ് കമീഷൻ സൈറ്റിൽ ലഭ്യമാണ്.
ലോക്‌സഭ, നിയമസഭ വോട്ടർ പട്ടികയും തദ്ദേശ വോട്ടർ പട്ടികയും വ്യത്യസ്‌തമാണെന്നിരിക്കെ കോൺഗ്രസ് നേതൃത്വം പട്ടിക പരിശോധിക്കാതെയാണ് വിനുവിനെ സ്ഥാനാർഥിയാക്കിയത്. സ്ഥാനാർഥിയാക്കിയിട്ടും വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം ഉപയോഗിക്കാതെ ഇളിഭ്യരായപ്പോഴാണ് കോർപറേഷനും എൽഡിഎഫിനുമെതിരെ തിരിഞ്ഞത്. കഴിഞ്ഞ മൂന്ന്, നാല് തീയതികളിൽ അവസാനമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ അവസരം നൽകിയിരുന്നു. അതും ഉപയോഗപ്പെടുത്തിയില്ല.
2020–ലെ പട്ടികയിൽ പേരില്ലാതിരുന്നിട്ടും വി എം വിനു വോട്ട് ചെയ്‌തെങ്കിൽ അതു കള്ളവോട്ടാണെന്നും അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു.









0 comments