ജെയ്നമ്മ വധക്കേസ്: സെബാസ്റ്റ്യനുനായി ചേർത്തല പള്ളിപ്പുറത്ത് തെളിവെടുക്കുന്നു

കോട്ടയം: ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മ വധക്കേസിലെ പ്രതി സെബാസ്റ്റ്യനെ ചേർത്തല പള്ളിപ്പുറത്തെ ചങ്ങത്തറ വീട്ടിൽ എത്തിച്ച് തെളിവെടുക്കുന്നു. കോട്ടയം, ആലപ്പുഴ ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലെ തെളിവെടുപ്പിൽ ഏതാനും അസ്ഥിക്കഷണങ്ങൾ കൂടി കണ്ടെത്തി. നേരത്തെ ശരീരാവശിഷ്ടം കണ്ടെത്തിയ സ്ഥലത്തിന് സമീപം കുഴിയെടുത്തപ്പോഴാണ് ആറ് അസ്ഥിക്കഷണം ലഭിച്ചത്.
പുല്ലുവെട്ടി ഉപയോഗിച്ച് വീട്ടുവളപ്പ് തെളിച്ചാണ് പരിശോധന. മണ്ണുമാന്തിയന്ത്രവും ഉപയോഗിക്കുന്നു. കഡാവർ നായയെയും എത്തിച്ചിട്ടുണ്ട്. വീട്ടുവളപ്പിലെ കുളം വറ്റിച്ചും പരിശോധനയുണ്ട്. വീട്ടുവളപ്പിന് ചുറ്റും നാട്ടുകാർ തടിച്ചുകൂടിയിട്ടുണ്ട്.അഗ്നിരക്ഷാസേനയുടെ ഡൈവിങ് ടീമും ഉണ്ട്.ഇപ്പോൾ കുളത്തിൽ നിന്ന് തുണിയും ബാഗും കണ്ടെത്തി.
സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ കൂടുതൽ അസ്ഥിക്കഷണവും രക്തക്കറയും
ചേർത്തല: ജെയ്നമ്മ കൊലക്കേസ് പ്രതി ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ കൂടുതൽ അസ്ഥിക്കഷണം കണ്ടെത്തി. ഇയാളെ ചേന്നം പള്ളിപ്പുറം കെആർ പുരം ചങ്ങത്തറ വീട്ടുവളപ്പിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്തപ്പോഴാണ് അസ്ഥിക്കഷണം കണ്ടെത്തിയത്. വീടിനുള്ളിൽ രക്തക്കറയും കണ്ടെത്തി. കോട്ടയം, ആലപ്പുഴ ക്രൈംബ്രാഞ്ച് ഉന്നതരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ജെയ്നമ്മയ്ക്കു പുറമെ ചേർത്തല വാരനാട് സ്വദേശിനി ഹൈറുമ്മ (ഐഷ), കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദു പത്മനാഭൻ എന്നിവരുടെ തിരോധാനവും അന്വേഷണത്തിലുണ്ട്. തിങ്കൾ പകൽ 12.30നാണ് കോട്ടയത്തുനിന്ന് സെബാസ്റ്റ്യനുമായി ഉദ്യോഗസ്ഥസംഘം എത്തിയത്. രാവിലെതന്നെ വീട്ടുവളപ്പിൽ പൊലീസിനെ വിന്യസിച്ചിരുന്നു.
ജൂലൈ 28ന് പരിശോധനയിൽ കണ്ടെത്തിയതിനുസമീപമാണ് പുതുതായി അസ്ഥിക്കഷണം ലഭിച്ചത്. വീടിനുപിന്നിലെ കുളംവറ്റിച്ച് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള പരിശോധനയിൽ വസ്ത്രഭാഗങ്ങളും സ്ത്രീകൾ ഉപയോഗിക്കുന്ന ബാഗും ലഭിച്ചു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തെരയുന്നതിന് പൊലീസ് ‘കെഡാവർ നായ’യെയും ഉപയോഗിച്ചു. പൊലീസ് നായ വീട്ടുവളപ്പിൽ നിന്ന് കൊന്ത കണ്ടെടുത്തു. വീട്ടിൽ ഇടക്കാലത്ത് ടൈൽവിരിച്ച മുറി അതിഥിത്തൊഴിലാളികളെ ഉപയോഗിച്ച് കുഴിച്ച് പരിശോധിച്ചു.
പരിശോധന നടത്തിയ സമയം കൂസലില്ലാതെയായിരുന്നു സെബാസ്റ്റ്യന്റെ നിൽപ്പ്. ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിൽ കൃത്യമായ മറുപടിയും നൽകുന്നില്ല. രാത്രി വൈകിയും പരിശോധന തുടർന്നു. അഗ്നിരക്ഷാസേന, ഡൈവിങ് ടീം, ഫോറൻസിക് വിഭാഗം തുടങ്ങിയവ പരിശോധനയ്ക്കുണ്ട്.
കൂടുതൽ ഇരകളുണ്ടാകാമെന്ന് ക്രൈംബ്രാഞ്ച്; കൊലയ്ക്ക് സഹായികളുണ്ടെന്ന് നിഗമനം
ചേർത്തല: ചേർത്തലയിലെ സ്ത്രീകളുടെ തിരോധാനക്കേസിൽ അന്വേഷണം നേരിടുന്ന പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ ഒറ്റയ-്ക്കല്ല കൃത്യങ്ങൾ നടത്തിയതെന്ന നിഗമനത്തിൽ അന്വേഷകസംഘം. പള്ളിപ്പുറത്തെ വീട് കേന്ദ്രീകരിച്ച് കൊലപാതകം ഉൾപ്പെടെ നടന്നതായി സ്ഥിരീകരിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങളിൽ ഇയാൾക്ക് സഹായികളുണ്ടെന്നും ക്രൈംബ്രാഞ്ച് സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന.
കൂടുതൽ സ്ത്രീകൾ സെബാസ്റ്റ്യന്റെ ഇരകളായിട്ടുണ്ടാകാമെന്നും അന്വേഷകസംഘം വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽനിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ-്ടങ്ങളിലെ ക്യാപ്പിട്ട പല്ല് 2012ൽ കാണാതായ ഐഷയുടെതാണോ എന്നാണ് സംശയം. ഡിഎൻഎ പരിശോധനയ്ക്കായി ഐഷയുടെ മകളുടെ രക്തസാംപിളുകൾ കഴിഞ്ഞ ദിവസം ജില്ലാ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ചേർത്തല താലൂക്ക് ആശുപത്രിയിൽ ശേഖരിച്ചിരുന്നു.
വീട്ടിലെ പരിശോധനയ്ക്കിടെ തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലിലും നിസ്സംഗ ഭാവത്തോടെയായിരുന്നു സെബാസ്റ്റ്യന്റെ പ്രതികരണം. പ്രതിയുടെ ആരോഗ്യാവസ്ഥയും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സെബാസ്റ്റ്യൻ ആരോഗ്യവാനായിരുന്ന ഘട്ടത്തിലായിരുന്നു ഇയാളുമായി ബന്ധമുണ്ടായിരുന്ന സ്ത്രീകളെ കാണാതായത്. ചേർത്തല കടക്കരപ്പള്ളിയിലെ ബിന്ദു പത്മനാഭൻ, വാരനാട് സ്വദേശിനി ഐഷ, കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മ എന്നിവർക്ക് സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ജെയ്നമ്മയുടെ കൊലപാതകി സെബാസ്റ്റ്യനാണെന്ന് ഇതിനകം കണ്ടെത്തി.
കേസിൽ തെളിവുശേഖരണമാണ് കോട്ടയം ക്രൈംബ്രാഞ്ച് ഇപ്പോൾ നടത്തുന്നത്. ബിന്ദു പത്മനാഭന്റെ കോടികൾ വിലമതിക്കുന്ന ഭൂമി വ്യാജരേഖ ചമച്ച് വിറ്റത് സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണെന്ന് പൊലീസ് ഉറപ്പിക്കുമ്പോഴും കോടതിയിൽ സമർപ്പിക്കാൻ യോഗ്യമായ തെളിവ് ലഭിച്ചിട്ടില്ല. ഹൈറുമ്മ(ഐഷ) യുടെ തിരോധാനത്തിലും അതുതന്നെയാണ് സാഹചര്യം.







0 comments