രൂപീകരിച്ചത് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല സ്ഥിരം വിസി നിയമനം ; സെർച്ച് കമ്മിറ്റികളായി

ന്യൂഡൽഹി
കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനായി സെർച്ച് കമ്മറ്റികള്‍ രൂപീകരിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ. സെര്‍ച്ച് കമ്മിറ്റികൾ രൂപീകരിക്കാനും അവയുടെ അധ്യക്ഷപദവി വഹിക്കാനും ജസ്റ്റിസ് ധൂലിയയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു.
രണ്ട് സെർച്ച് കമ്മിറ്റിയിലും സംസ്ഥാന സർക്കാരിന്റെയും ഗവർണറുടെയും രണ്ടുവീതം പ്രതിനിധികളുണ്ട്. രണ്ടു പകരം പ്രതിനിധികളെയും നിശ്ച യിച്ചു.
ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളായി മദ്രാസ് യൂണിവേഴ്സിറ്റി ഫിസിക്സ് അധ്യാപകൻ ടി ആർ ഗോവിന്ദരാജൻ, ഡോ. എസ് ചാറ്റർജി, ഗവർണറുടെ പ്രതിനിധികളായി അലഹബാദ് ഐഐടി ഡയറക്ടർ എസ് മുകുൾ, ഐഐടി മദ്രാസ് ഡയറക്ടർ എസ് കാമകോടി എന്നിവരെ നിയമിച്ചു. ഈ സമിതിയിലേക്കുള്ള സർക്കാരിന്റെ പകരം പ്രതിനിധി കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വിസി ഡോ. എസ് ഗംഗൻ പ്രതാപ് ആണ്. ഗവർണറുടെ നോമിനി കാലിക്കറ്റ് എൻഐടി ഡയറക്ടർ പ്രസാദ്കൃഷ്ണയാണ്.
സാങ്കേതിക സർവകലാശാല സെർച്ച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധികളായി ഐഐടി ഖരഖ്പൂരിലെ ഡോ. നിലോയി ഗാംഗുലി, ഡോ. അച്യുത നായ്ക്കൻ, ഗവർണറുടെ നോമിനികളായി ജോധ്പൂർ ഐഐടി ഡയറക്ടർ ഡോ. അവിനാഷ് കുമാർ അഗർവാൾ, വിനോദ് കുമാർ കൗജിയ എന്നിവരെ ഉൾപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ പകരം പ്രതിനിധിയായി കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വിസി ഡോ. മധുസൂദനനും ഗവർണറുടെ നോമിനി മൊറാബാദ് ഗുരു ജഗബേശ്വർ സർവകലാശാല മുൻ വിസി സച്ചിൻ മഹേശ്വരിയാണ്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് വിസി നിയമനങ്ങൾക്കായി പരസ്യംചെയ്ത് അപേക്ഷ സ്വീകരിക്കുന്ന മുറയ്ക്ക് ഇരുസമിതികളും പ്രവർത്തനം ആരംഭിക്കുമെന്നു ജസ്റ്റിസ് ധൂലിയ അറിയിച്ചു.
സമിതികളിൽ സർക്കാരിന്റെയും ഗവർണറുടെയും രണ്ടു വീതം പ്രതിനിധികൾ ഉള്ളതിനാൽ ചെയർമാന്റെ വിവേചന അധികാരം വിസി നിയമനങ്ങളിൽ നിർണായകമാകും. സുപ്രീംകോടതി വിധി അനുസരിച്ച് സെർച്ച് കമ്മറ്റി നൽകുന്ന ചുരുക്കപ്പട്ടികയിൽ മുൻഗണനാക്രമം നിശ്ചയിക്കുന്ന അധികാരം മുഖ്യമന്ത്രിക്കാണ്. മുൻഗണനയിൽ മാറ്റം വരുത്താൻ ഗവർണർക്ക് അധികാരം ഉണ്ടായിരിക്കില്ല.









0 comments