2 വർഷത്തിനിടെ 201 സർക്കാർ സ്‌കൂളുകൾ പൂട്ടിയെന്ന കണക്ക് അടിസ്ഥാനരഹിതം
8 വർഷത്തിനിടെ വർധിച്ചത് 78 സർക്കാർ സ്‌കൂൾ ; കേന്ദ്രത്തിന്റെ കണക്കുകൾ കേരളത്തെ ഇകഴ്‌ത്തുന്നത്


ബിജോ ടോമി
Published on Aug 15, 2025, 12:49 AM | 1 min read
തിരുവനന്തപുരം
ടൈൽ വിരിച്ച മുറ്റവും ഇരുനില കെട്ടിടവുമായി ഒരു നാടിനാകെ അക്ഷരം വെളിച്ചം പകരുകയാണ് മലപ്പുറം കൊണ്ടോട്ടി മങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍. ഒരു സ്‌കൂളുകളും അടച്ചുപൂട്ടില്ല എന്ന എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെ അടയാളമാണ് ഈ വിദ്യാലയം. നഷ്‌ടത്തിന്റെ കണക്ക് പറഞ്ഞ് മാനേജർ അടച്ചുപൂട്ടാൻ തീരുമാനിച്ച സ്‌കൂൾ 2016ൽ സർക്കാർ ഏറ്റെടുത്തു. ഒരുകോടി രൂപ ചെലവിട്ട് പുതിയ കെട്ടിടം നിർമിച്ചു. നിലവിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയായി 144 കുട്ടികൾ പഠിക്കുന്നു. കോഴിക്കോട് മലാപ്പറമ്പ് സ്‌കൂളിനുൾപ്പെടെ പറയാനുള്ളതും സമാന ചരിത്രം.
യാഥാർഥ്യം ഇതായിരിക്കെയാണ് കഴിഞ്ഞ ദിവസം കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ലോക്‌സഭയിൽ 2021 –22 നും 2023–24നും ഇടയിൽ കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ 201 എണ്ണം പൂട്ടിയെന്ന് അറിയിച്ചത്. വസ്‌തുതകൾക്ക് നിരക്കാത്തതും വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്‌ത്തുന്നതുമാണ് കേന്ദ്രത്തിന്റെ കണക്കുകൾ.
കണക്കുകൾ പറയട്ടെ
എട്ടു വർഷത്തിനിടെ സംസ്ഥാനത്ത് 78 സർക്കാർ സ്‌കൂളുകളാണ് വന്നത്. ആസൂത്രണ ബോർഡിന്റെ കണക്ക് അനുസരിച്ച് 2015 – 16 ൽ ആകെ 12,882 സ്‌കൂളുകളാണ് സംസ്ഥാനത്ത് ഉണ്ടായത്. ഇതിൽ 4,619 എണ്ണം സർക്കാർ വിദ്യാലയങ്ങളാണ്. 7,140 എയ്‌ഡഡ് സ്‌കൂളുകളും 1,123 അൺഎയ്‌ഡഡ് സ്‌കൂളുകളും. 2016–17ൽ ആകെ സ്‌കൂളുകളുടെ എണ്ണം 12,981 ആയി. 4,695 സ്‌കൂളുകൾ സർക്കാർ മേഖലയിലും 7,220, 1,066 സ്‌കൂളുകൾ എയ്‌ഡഡ്, അൺഎയ്‌ഡഡ് മേഖലയിലുമാണ്. 2021 –22ൽ സർക്കാർ സ്‌കൂളുകളുടെ എണ്ണം 4,697 ആയി. എയ്‌ഡഡ് സ്‌കൂളുകൾ 7,212ഉം അൺഎയ്‌ഡഡ് സ്‌കൂളുകൾ 1,063 ഉം ആയിരുന്നു. 2023–24ലെ കണക്കിലും സർക്കാർ സ്‌കൂളുകളുടെ എണ്ണം 4,697 ആണ്. എയ്‌ഡഡ് സ്‌കൂളുകൾ 7,208ഉം അൺഎയ്‌ഡഡ് സ്‌കൂളുകൾ 1,043 ഉം ആയി കുറഞ്ഞു









0 comments