വരവേൽക്കാൻ നാടൊരുങ്ങി

സ്വന്തം ലേഖിക
Published on Jun 02, 2025, 03:05 AM | 1 min read
തിരുവനന്തപുരം
: കുട്ടിക്കൂട്ടത്തെ വരവേൽക്കാൻ സജ്ജമായി സ്കൂളുകൾ. തോരാ മഴയുടെ ഭീതിയും സ്കൂൾ തുറക്കുമോയെന്ന ആശങ്കയും ഞായറാഴ്ച തെളിഞ്ഞ വെയിലിൽ മാഞ്ഞുപോയി. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി നൽകി, സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം തിങ്കൾ രാവിലെ 10ന് നടക്കും.
പിടിഎയും തദ്ദേശസ്ഥാപന അധികൃതരും വിദ്യാർഥികളുംചേർന്ന് പുതിയ അധ്യയന വർഷത്തിനായി സ്കൂളുകളെ അണിയിച്ചൊരുക്കിക്കഴിഞ്ഞു. അവധിക്കാലം ആരംഭിക്കുംമുമ്പേ പാഠപുസ്തകങ്ങൾ എത്തി.
പാഠപുസ്തകം, യൂണിഫോം എന്നിവയുടെ വിതരണം 95 ശതമാനം പൂർത്തിയായി.
അധ്യയനവർഷാരംഭംമുമ്പേ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനം പൂർത്തിയാക്കി. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ക്ലാസുകൾ തദ്ദേശസ്ഥാപനങ്ങൾ പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പാക്കി.
വിവിധ സംഘടനകളുടെകൂടി സഹകരണത്തോടെ സ്കൂളും പരിസരവും വൃ-ത്തിയാക്കി. അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിങ് എന്നിവ നീക്കി. കുടിവെള്ളത്തിന്റെ ഗുണനിലവാരം കൃത്യമായ ഇടവേളകളിൽ ഉറപ്പാക്കാനും നടപടി സ്വീകരിച്ചു. സ്‌കൂൾ ബസുകൾ, കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസും ഉറപ്പാക്കി.









0 comments