സ്കൂൾ പ്രവേശനോത്സവം 
ജൂൺ രണ്ടിന് ആലപ്പുഴയിൽ ; മെയ്‌ 10നകം മുഴുവൻ പാഠപുസ്തകങ്ങളും 
 വിദ്യാലയങ്ങളിലെത്തും

school opening
വെബ് ഡെസ്ക്

Published on Apr 21, 2025, 02:36 AM | 1 min read


തിരുവനന്തപുരം : ഈ അധ്യയന വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണോദ്ഘാടനവും ബുധൻ പകൽ 12ന് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി നിർവഹിക്കും. മെയ്‌ 10നകം 3.80 കോടി പാഠപുസ്‌തകങ്ങളും വിദ്യാലയങ്ങളിലെത്തും. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ 238ഉം രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ 205 ഉം പാഠപുസ്തകങ്ങളാണ് രണ്ടുവർഷംകൊണ്ട് പരിഷ്‌കരിച്ചത്.


പത്താംക്ലാസിലെ പുതുക്കിയ പാഠപുസ്‌തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ അവസാനിക്കുന്നതിന് മുമ്പ് വിതരണം ചെയ്യാനായത്‌ ചരിത്രനേട്ടമാണ്‌. പ്രൈമറിയിൽ കായിക വിദ്യാഭ്യാസത്തിന്‌ ഹെൽത്തി കിഡ്സ് എന്നുള്ള പ്രത്യേക പുസ്‌തകവും ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾക്ക് യോഗപരിശീലനത്തിന്‌ പ്രത്യേക പാഠപുസ്‌തകം തയ്യാറാക്കിയിട്ടുണ്ട്‌. കല, വിദ്യാഭ്യാസം, തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം എന്നീ മേഖലകളിലും പ്രത്യേക പാഠപുസ്തകങ്ങൾ തയ്യാറാക്കി. കൃഷി, പാർപ്പിടം വസ്‌ത്രം, സാമ്പത്തിക സാക്ഷരത, പാഴ്‌വസ്‌തു പരിപാലനം, പ്രിന്റിങ് ആന്റ് സ്റ്റേഷനറി, പ്ലംബിങ്, ഇലക്‌ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ്‌, ഭക്ഷ്യവ്യവസായം, ടൂറിസം, മാധ്യമങ്ങളും വിനോദങ്ങളും, കരകൗശലം എന്നീ മേഖലകളിൽ അഞ്ചു മുതൽ പത്ത് വരെ ക്ലാസുകളിൽ പ്രത്യേകം പാഠപുസ്‌തകങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അധ്യാപകർക്ക്‌ മെയ് 13മുതൽ അഞ്ച് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home