സ്‌കൂൾ ഉച്ചഭക്ഷണം എങ്ങനെയുണ്ട്; കുട്ടികൾ പറയട്ടെ


സ്വന്തം ലേഖകൻ
Published on Jul 21, 2025, 12:00 AM | 1 min read
തിരുവനന്തപുരം : പരിഷ്‌കരിച്ച മെനു അനുസരിച്ചുള്ള സ്‌കൂൾ ഉച്ചഭക്ഷണം സംബന്ധിച്ച് കുട്ടികളിൽനിന്ന് അഭിപ്രായം തേടാനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. ആഗസ്‌ത് ഒന്നുമുതലാണ് പരിഷ്‌കരിച്ച മെനു പ്രകാരം ഭക്ഷണം നൽകുക. അഭിപ്രായം രജിസ്റ്ററിൽ രേഖപ്പെടുത്താനും സംവിധാനമുണ്ട്. കുട്ടികളുടെ പ്രതികരണം കൂടി തേടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ് സർക്കുലറിൽ നിർദേശിച്ചു.
ഉച്ചഭക്ഷണ പദ്ധതിക്ക് നിലവിലുള്ള ഫണ്ടിന്റെ പരിധിയിൽ തയ്യാറാക്കാൻ കഴിയുമെന്ന് കണ്ടെത്തിയ വിഭവങ്ങളാണ് പരിഷ്‌കരിച്ച മെനുവിലുണ്ടാവുക. നിശ്ചയിച്ച അളവ് പ്രകാരം കുട്ടികൾക്ക് ഭക്ഷണം നൽകണം. നിലവിൽ സ്കൂളുകളിൽ ഉപയോഗിക്കുന്ന ഫോർട്ടിഫൈഡ് അരി ഉപയോഗിച്ച് ആഴ്‌ചയിൽ ഒരു ദിവസം വെജിറ്റബിൾഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവ തയ്യാറാക്കണം. ഇവയോടൊപ്പം വെജിറ്റബിൾ കറിയോ, കുറുമയോ നൽകാം. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തിയും വിളമ്പാം.
പരിഷ്കരിച്ച മെനു സ്കൂൾ നോട്ടീസ് ബോർഡിലും ഓഫീസ് മുറിയുടെയും പാചകപ്പുരയുടെയും പുറംചുമരിലും വ്യക്തമായി പ്രദർശിപ്പിക്കണം. മാസത്തിൽ ഒന്നോ രണ്ടോ ദിവസം മൈക്രോ ഗ്രീൻസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ശർക്കരയുടെ അളവ് ഗണ്യമായി കുറയ്ക്കുകയും പഞ്ചസാര നാമമാത്രമായി ഉൾപ്പെടുത്തിയുമാണ് വിഭവങ്ങൾ തയ്യാറാക്കേണ്ടത്.
സ്‌കൂളിലെ പോഷകത്തോട്ടത്തിൽ വിളയിച്ച പപ്പായ, മുരിങ്ങയില, മത്തൻ, കുമ്പളങ്ങ, പയറുവർഗങ്ങൾ, പച്ചക്കായ, വാഴത്തട, വാഴക്കൂമ്പ്, ചക്ക തുടങ്ങിയ നാടനും പ്രാദേശികവുമായ പച്ചക്കറികൾ മെനുവിൽ ഉൾപ്പെടുത്തണം.








0 comments