ഭിന്നശേഷി വിദ്യാർഥികളുടെ സ്‌കോളർഷിപ്: ഉദ്യോഗസ്ഥർ വീഴ്‌ച വരുത്തിയാൽ നടപടി


ബിജോ ടോമി
Published on May 04, 2025, 12:46 AM | 1 min read
തിരുവനന്തപുരം : ഭിന്നശേഷി വിദ്യാർഥി സ്കോളർഷിപ്പും ബത്തയും നൽകുന്നതിനുള്ള മാർഗനിർദേശം തദ്ദേശ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടി. ഇതിനായി തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറെ നോഡൽ ഓഫീസർ ആയി ചുമതലപ്പെടുത്തി. വീഴ്‌ച ഉണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരെ ആവശ്യമായ നടപടിക്ക് പ്രിൻസിപ്പൽ ഡയറക്ടർ ശുപാർശ ചെയ്യണം. ജില്ലാതല മേൽനോട്ടം ജോയിന്റ് ഡയറക്ടർമാർ ഉറപ്പുവരുത്തണം.
തദ്ദേശ സ്ഥാപനം വീഴ്ച വരുത്തിയാൽ ജോയിന്റ് ഡയറക്ടർമാരാണ് നിർദേശം നൽകേണ്ടത്. ആവശ്യമെങ്കിൽ പ്രിൻസിപ്പൽ ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്താം. സ്കോളർഷിപ്പ് ലഭിക്കാത്തത് സംബന്ധിച്ച് പരാതിയുള്ളവർക്ക് നേരിട്ട് സമീപിക്കാൻ സംസ്ഥാനതല, ജില്ലാതല നോഡൽ ഓഫീസർമാർ സൗകര്യം ഒരുക്കണം.
ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ബത്തയും നൽകേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. ഗ്രാമ പ്രദേശങ്ങളിൽ നിശ്ചിത അനുപാതത്തിൽ ഗ്രാമ- –- ബ്ലോക്ക് –- ജില്ലാ പഞ്ചായത്തുകളും നഗരങ്ങളിൽ അതാത് കോർപറേഷനുകളും മുനിസിപ്പാലിറ്റികളുമാണ് പദ്ധതിക്കാവശ്യമായ തുക കണ്ടെത്തേണ്ടത്. ചില തദ്ദേശസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നുണ്ട്. കോടതിയെ സമീപിക്കുന്ന സാഹചര്യവുമുണ്ടായി. തുടർന്നാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്. ഇതിന്റെ തുടർച്ചയാണ് മേൽനോട്ട സംവിധാനം.









0 comments