ലഹരിവിരുദ്ധ കേരളം ; ജനകീയ ക്യാമ്പയിൻ 26 മുതൽ

say no to drugs campaign
വെബ് ഡെസ്ക്

Published on Jun 19, 2025, 02:33 AM | 1 min read


തിരുവനന്തപുരം

ഈ വർഷത്തെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ അഞ്ചാംഘട്ടം സംസ്ഥാനതല ഉദ്ഘാടനം അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് നടക്കുമെന്നും 2026 ജനുവരി 30 വരെ ക്യാമ്പയിൻ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അതത് ജില്ലകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടക്കും.


‘ആർട്ട് അഡിക്ഷൻ: ദ വേ ഓഫ് ഇൻസ്പിരേഷൻ’ എന്ന പ്രോഗ്രാം കോളേജ് തലത്തിൽ സംഘടിപ്പിക്കും. എല്ലാ ക്യാമ്പസുകളിലും ഒരേ സമയം പരിപാടി മന്ത്രിമാർ, ജനപ്രതിധികൾ, സിനിമാ പ്രവർത്തകർ, സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കും. റസിഡന്റ്സ് അസോസിയേഷനുകളുമായി ചേർന്ന്‌ ‘എന്റെ കുടുംബം ലഹരിമുക്ത കുടുംബം’ എന്ന പരിപാടി ആരംഭിക്കും. മൂന്ന് മാസത്തിനുള്ളിൽ മികച്ച പ്രവർത്തനം നടത്തി പരമാവധി കുടുംബങ്ങളെ ലഹരിമുക്തമാക്കുന്ന റസിഡന്റ്സ് അസോസിയേഷനുകൾക്ക് താലൂക്ക് അടിസ്ഥാനത്തിൽ സമ്മാനം നൽകും.


സ്കൂൾ, കോളേജ് തലത്തിൽ എൻഎസ്എസ്, എസ്‌പിസി, ലഹരിവിരുദ്ധ ക്ലബ്ബുകൾ എന്നിവരുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലി നടത്തും. തദ്ദേശഭരണ വകുപ്പും വിദ്യാഭ്യാസവകുപ്പുംചേർന്ന്‌ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ തലത്തിൽ സ്കൂൾ പാർലമെന്റ് നടത്തും. ‘ലഹരിമുക്ത സുരക്ഷിത വിദ്യാലയം കുട്ടികളുടെ അവകാശം’ എന്ന പ്രമേയം അവതരിപ്പിക്കും. എല്ലാ സർക്കാർ ഓഫീസുകളിലും രാവിലെ 11 ന് ഓഫീസ് മേധാവി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.


പൊതുവിദ്യാഭ്യാസ വകുപ്പ്‌ ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധമാണ് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ആവിഷ്കരിച്ചിരിക്കുന്നത്. സ്കൂൾതലത്തിലെ ജാഗ്രതാ പ്രവർത്തനം, ജനജാഗ്രതാ സമിതികളുടെ പ്രവർത്തനം എന്നിവ സംബന്ധിച്ച് വിശദമായ മാർ​ഗരേഖ സ്കൂളുകൾക്ക്‌ നൽകിയിട്ടുണ്ട്.


പരിശീലന പരിപാടികളിൽ രക്ഷകർത്താക്കളെക്കൂടി ഉൾപ്പെടുത്തി മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് എസ്‍സിഇആർടി പ്രത്യേക പുസ്തകങ്ങൾ തയ്യാറാക്കി.

ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സർ​ഗശേഷി വളർത്താനും വ്യക്തിത്വവികാസത്തിനുമായി ജീവിതോത്സവം 2025 എന്ന പരിപാടി നടപ്പാക്കും. ഇതിന്റെ ഭാഗമായി വിവിധ ചലഞ്ചുകൾ 21 ദിനങ്ങളിലായി സംഘടിപ്പിക്കും. സമാപനവേളയിൽ 'ജീവിതോത്സവം2025' എന്ന പേരിൽ സ്റ്റേറ്റ് ഇന്റഗ്രേഷൻ കാർണിവൽ സംഘടിപ്പിക്കും.


ലഭിക്കുന്ന പരാതികൾ ആഴ്ചയിലൊരുദിവസം പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ പരിശോധിച്ച് നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ലഹരി ഉപയോഗം റിപ്പോർട്ട് ചെയ്യുന്നതിനുള്ളനിർദേശങ്ങളും അധ്യാപകർക്ക് നൽകിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Home