ലഹരിയെ തുരത്താം ; എല്ലാ സ്‌കൂളിലും 
ആന്റി നർക്കോട്ടിക്‌സ്‌ ക്ലബ്

say no to drugs
avatar
എസ് കിരൺബാബു

Published on Jun 01, 2025, 12:04 AM | 1 min read


തിരുവനന്തപുരം

സ്‌കൂൾ പരിസരത്തെ ലഹരി കച്ചവടത്തിന്‌ അറുതിവരുത്താനും വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാനും ലക്ഷ്യമിട്ട്‌ എല്ലാ വിദ്യാലയങ്ങളിലും ആന്റി നർകോട്ടിക് ക്ലബ്ബുകൾ (എഎൻസി) രൂപീകരിക്കും. എക്‌സൈസ് ഉദ്യോ​ഗസ്ഥരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിലാണ്‌ ക്ലബ് രൂപീകരിക്കുക. ഇവർക്ക്‌ പ്രത്യേക പരിശീലനം നൽകും.


ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റമുൾപ്പെടെ മനസ്സിലാക്കി തുടർനടപടി സ്വീകരിക്കാനുള്ള ചുമതലയും ഇവർക്ക്‌ നൽകും. ഓരോ സ്‌കൂളിലും ഓരോ ഉദ്യോ​ഗസ്ഥർക്കായിരിക്കും മേൽനോട്ടച്ചുമതല. പുതുതായി നിയമനം ലഭിച്ച സിവിൽ എക്‌സൈസ് ഓഫീസർമാരെ ഇതിനായി നിയോ​ഗിക്കും. സ്ഥാപനമേധാവികളായിരിക്കും എഎൻസി ചെയർമാന്മാർ. പൊലീസിന്റെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.

ലഹരി വിതരണക്കാർ വിദ്യാർഥികളെ സമീപിക്കുന്നത്‌ തടയാൻ വിദ്യാലയങ്ങൾക്കു സമീപം എക്‌സൈസ് പരിശോധന ശക്തമാക്കും. സ്‌കൂൾ പരിസരത്ത് സ്ഥിരമായി വന്നുപോകുന്നവരെയും കറങ്ങിനടക്കുന്നവരെയും പൊലീസ്‌ സഹകരണത്തോടെ പ്രത്യേകം നിരീക്ഷിക്കും. പൊലീസ്‌ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് വാഹന പരിശോധനയും നടത്തും. സംസ്ഥാനത്തെ നൂറോളം സ്‌കൂളുകളുടെ പരിസരത്ത് ലഹരിക്കച്ചവടം നടക്കുന്നതായി എക്‌സൈസ്‌, പൊലീസ്‌ സംയുക്ത അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവിടങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകും.

‘നേർവഴി’യിൽ 
അറിയിക്കാം


കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ എക്‌സൈസിന് ‘നേർവഴി’ എന്ന പദ്ധതി നിലവിലുണ്ട്. രക്ഷിതാക്കൾക്കും അധ്യാപകർക്കും 9656178000 എന്ന നമ്പരിലോ 14405 എന്ന ടോൾ ഫ്രീ നമ്പറിലോ വിളിക്കാം. ലഹരിയുപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തിയാൽ രഹസ്യമായി കൗൺസിലിങ്ങും ചികിത്സയും നൽകും. കുട്ടികൾക്കെതിരെ കേസെടുക്കില്ല.



deshabhimani section

Related News

View More
0 comments
Sort by

Home