വിമുക്തി പദ്ധതി ; ലഹരിച്ചങ്ങല പൊട്ടിച്ചത് 8592 കുട്ടികൾ

ഗോകുൽ ഗോപി
Published on Sep 21, 2025, 02:52 AM | 1 min read
ആലപ്പുഴ
ലഹരിയിൽ കുടുങ്ങിയവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സർക്കാർ ആരംഭിച്ച വിമുക്തി പദ്ധതിയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് 8592 കുട്ടികൾ. 2021 മുതൽ 2025 ആഗസ്‌ത് വരെയുളള കണക്കാണിത്. ആഗസ്‌ത് വരെ 18 വയസ്സിൽ താഴെയുള്ള 1,811 പേർക്ക് കൗൺസലിങ്ങും ചികിത്സയും നൽകി. കൗമാരക്കാർക്കിടയിൽ ലഹരി ഉപയോഗം വർധിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരത്തും ശക്തമായ നിരീക്ഷണ– -പ്രതിരോധ സംവിധാനങ്ങളാണ് എക്‌സൈസ് ഒരുക്കിയത്. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ‘സേ നോ ടു ഡ്രഗ്സ്’ ക്യാന്പയിനുകളും സംഘടിപ്പിച്ചു.
എക്സൈസിന് കീഴിലുള്ള വിമുക്തി മിഷൻ ആരോഗ്യവകുപ്പുമായി സഹകരിച്ച് എല്ലാ ജില്ലകളിലും ലഹരി മോചന കേന്ദ്രങ്ങളും നടത്തുന്നുണ്ട്. തിരുവനന്തപുരത്തും കോഴിക്കോട്ടും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യവും ഒരുക്കി. ഈ സെന്ററുകൾ മുഖേന 2018 മുതൽ 2025 ആഗസ്‌ത് വരെ 1,52,320 പേരെ ചികിത്സിച്ചു. 12,114 പേർക്ക് കിടത്തിച്ചികിത്സയും നൽകി.
‘ശ്രദ്ധ’ മുതൽ ‘നേർവഴി’ വരെ
ലഹരി വിമുക്ത ചികിത്സയോടൊപ്പം ബോധവൽക്കരണവും എക്‌സൈസ് നടത്തുന്നു. ആന്റി നർക്കോട്ടിക് ക്ലബ്ബുകൾ, പ്രൈമറി സ്കൂൾ തലത്തിൽ ബാല്യം അമൂല്യം പദ്ധതി, ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ‘ശ്രദ്ധ’, ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയവുമായി ‘ഉണർവ്’ പദ്ധതി , ‘ടീം വിമുക്തി’ കായിക ടീമുകൾ തുടങ്ങിയവ നടപ്പാക്കി. ആദിവാസി, തീര പ്രദേശങ്ങളിൽ പ്രത്യേക ബോധവൽക്കരണവും നൽകി. വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർക്ക് വിവരം കൈമാറാനുള്ളതാണ് ‘നേർവഴി' പദ്ധതി. കേരള ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്ന് വിമുക്തിയുടെ ആഭിമുഖ്യത്തിൽ ‘നശാ മുക്ത് ന്യായ അഭിയാൻ’ ലഹരിവിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു.
ഫുട്‌ബോൾ മത്സരം, സഞ്ചരിക്കുന്ന ഗ്രന്ഥശാല, ഔഷധ സസ്യകൃഷി, ആരോഗ്യ പദ്ധതികൾ, ബോധവൽക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, ലഹരി ഉൽപ്പന്നങ്ങളുടെ ലഭ്യതയും വിപണവും ഇല്ലാതാക്കൽ, പുനരധിവാസം എന്നീ പ്രവർത്തനങ്ങളും വിമുക്തിയിലൂടെ നടപ്പാക്കുന്നുണ്ട്.








0 comments