സൂംബാ നൃത്തമാടൂ, ലഹരിയെ അകറ്റൂ

say no to drugs
വെബ് ഡെസ്ക്

Published on May 01, 2025, 02:12 AM | 2 min read


തിരുവനന്തപുരം : പച്ചപ്പുനിറഞ്ഞ പുൽത്തകിടിയിൽ ശലഭങ്ങളായി കുട്ടികൾ ചുവടുവച്ചു. അവരുടെ കൈകളിലുയർന്ന ‘നോ ടു ഡ്രഗ്‌സ്‌’ പ്ലക്കാർഡുകൾ ലഹരിക്കെതിരെ പുതുതലമുറയുടെ സാക്ഷ്യപ്പെടുത്തലായി. ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയത്തിൽ നടന്ന സൂംബാ നൃത്തം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2025–-26 അധ്യയന വർഷത്തെ ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ആദ്യചുവടായി.


മുഖ്യമന്ത്രി പിണറായി വിജയൻ മെഗാ സൂംബാനൃത്തം ഉദ്‌ഘാടനംചെയ്‌തു. 20 സ്‌കൂളിൽനിന്നായി 1500 കുട്ടികളാണ്‌ അണിനിരന്നത്‌. ‘പഠനമാണ്‌ ലഹരി’ എന്ന്‌ ആലേഖനം ചെയ്‌ത ചുവന്ന ജേഴ്‌സിയും കറുത്ത ട്രാക്ക്‌ പാന്റ്‌സും അണിഞ്ഞ്‌ 51 വരികളിലായി വിദ്യാർഥികൾ നിരന്നു. ത്രസിപ്പിക്കുന്ന സംഗീതത്തിനൊപ്പിച്ചുള്ള നൃത്തച്ചുവടുകൾ സമ്പൂർണ വ്യായാമമായി.


മന്ത്രിമാരായ വി ശിവൻകുട്ടി, സജി ചെറിയാൻ, മുഹമ്മദ്‌ റിയാസ്‌, ജി ആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ കുട്ടികളെ അഭിനന്ദിച്ചു.അടുത്ത അധ്യയനവർഷം എല്ലാ സ്കൂളിലും സൂംബാനൃത്തം പരിശീലിപ്പിക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അധ്യാപകർക്ക്‌ പ്രത്യേക പരിശീലനം നൽകും. കായിക പരിശീലനത്തിനുള്ള പിരീഡുകൾ അതിനുവേണ്ടി വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.


‘ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ' എന്ന പദ്ധതിയിലാണ്‌ കുട്ടികളിലെ അക്രമവാസനയും ലഹരി ഉപയോഗവും ഇല്ലാതാക്കാനും മാനസിക സമ്മർദം കുറയ്‌ക്കാനും സമഗ്ര കായിക വിദ്യാഭ്യാസ പരിപാടി നടപ്പാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്‌.


കുട്ടികളെ ഉന്മേഷവാന്മാരാക്കണം: 
മുഖ്യമന്ത്രി

കുട്ടികളെ മാനസികമായും ശാരീരികമായും ഉന്മേഷമുള്ളവരാക്കി നിർത്തണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ സൂംബാ നൃത്തം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


കുട്ടികളിലേക്ക്‌ ലഹരി എത്തിച്ചേരുന്നത്‌ പലമാർഗങ്ങളിലൂടെയാണ്‌. മ്ലാനരായവരെയാണ്‌ മയക്കുമരുന്ന്‌ മാഫിയ ആകർഷിക്കാൻ ശ്രമിക്കുന്നത്‌. രാവിലെ സ്‌കൂളിൽ എത്തി തിരിച്ചുപോകുന്ന സമയമാകുമ്പോൾ വാടിത്തളരുന്ന അവസ്ഥ കുട്ടികൾക്ക്‌ ഉണ്ടാകും. ആ ഘട്ടത്തിൽ ഉന്മേഷദായകമായ ഒരു പരിപാടി നടത്തിയാൽ കുട്ടികൾക്ക്‌ ഉണർവ്‌ ലഭിക്കും. ഇതിനായാണ്‌ സൂംബാ പോലുള്ള പരിപാടികൾ ആവിഷ്‌കരിക്കുന്നത്‌. നാട്ടിൽ കുട്ടികൾക്ക്‌ കളിയിടങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. മന്ത്രിമാരായ സജി ചെറിയാൻ, മുഹമ്മദ്‌ റിയാസ്‌, രാമചന്ദ്രൻ കടന്നപ്പള്ളി, ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാർ, ആന്റണി രാജു എംഎൽഎ, പൊതുവിദ്യാഭ്യാസ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്‌ടർ എസ്‌ ഷാനവാസ്‌, എസ്‌സിഇആർടി ഡയറക്ടർ ആർ കെ ജയപ്രകാശ്‌ എന്നിവർ സംസാരിച്ചു.


സംസ്ഥാന സ്‌കൂൾ കായികമേള നടത്തിപ്പ്‌ സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ പുറത്തിറക്കിയ പുസ്‌തകം മന്ത്രി മുഹമ്മദ്‌ റിയാസ്‌ മന്ത്രി ശിവൻകുട്ടിക്ക്‌ നൽകി പ്രകാശിപ്പിച്ചു. ദേശീയ സ്‌കൂൾ ഗെയിംസിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികൾക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Home