കേരളത്തിന്‌ പൂജ്യം; മറ്റ്‌ 
സംസ്ഥാനങ്ങൾക്ക്‌ വാരിക്കോരി ; വിദ്യാർഥികളോടും കേന്ദ്രത്തിന്റെ പകപോക്കൽ

sarva shiksha abhiyan fund
വെബ് ഡെസ്ക്

Published on Sep 01, 2025, 02:10 AM | 1 min read


​തിരുവനന്തപുരം

ഭിന്നശേഷി വിദ്യാർഥികളുടെ പഠനത്തിനുൾപ്പെടെ അനുവദിക്കേണ്ട തുക തടഞ്ഞുവച്ച്‌ കേന്ദ്രത്തിന്റെ പകപോക്കൽ. കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് സമഗ്രശിക്ഷാ അഭിയാൻ വഴി 2024–25 സാമ്പത്തിക വർഷം 27,833.5 കോടി രൂപയാണ്‌ കേന്ദ്രസർക്കാർ വിതരണം ചെയ്തത്‌. ഇതിൽ കേരളത്തിന്‌ ഒരു രൂപപോലും നൽകിയിട്ടില്ലെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തമിഴ്‌നാട്, പശ്ചിമബംഗാൾ സംസ്ഥാനങ്ങൾക്കും പണം നൽകിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം കേരളത്തിന്‌ ലഭിക്കേണ്ടിയിരുന്നത്‌ 328.9 കോടി രൂപയാണ്‌. പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടില്ല എന്നതിന്റെ പേരിലാണ്‌ കേന്ദ്രത്തിന്റെ പ്രതികാര നടപടി. മുൻ വർഷത്തെ കുടിശ്ശികയടക്കം 1,148 കോടിയാണ്‌ സമഗ്ര ശിക്ഷ കേരള (എസ്എസ്‌കെ) വിഹിതമായി കേരളത്തിന് കിട്ടാനുള്ളത്‌.


ഉത്തർപ്രദേശിന് 4,487 കോടി രൂപയും ഗുജറാത്തിന് 847 കോടിയും ജാർഖണ്ഡിന് 1073 കോടിയും കേന്ദ്രം നൽകി. കേന്ദ്ര സർക്കാർ സാമ്പത്തിക പ്രതിരോധം കൊണ്ട് ബുദ്ധിമുട്ടിച്ചിട്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ സൂചികകളിൽ കേരളം പ്രഥമ ശ്രേണിയിൽ ഉണ്ടെന്നത് അഭിമാനകരമാണെന്ന്‌ മന്ത്രി പറഞ്ഞു.


ഇപ്പോൾ എസ്‌എസ്‌കെയിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് സംസ്ഥാന സർക്കാരാണ്. പ്രതിമാസം 20 കോടിയോളം രൂപ ശമ്പളയിനത്തിൽ നൽകുന്നു. വിദ്യാർഥികൾക്കുള്ള യൂണിഫോം, ടെക്സ്റ്റ് ബുക്ക്, ഹോസ്റ്റലുകൾ എന്നിവയ്ക്കുള്ള ചെലവും സംസ്ഥാന സർക്കാരാണ് ഇപ്പോൾ വഹിക്കുന്നത്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായി ഒരു കൺവെൻഷൻ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാനത്തെ ബിജെപി നേതൃത്വം കൂടി അറിഞ്ഞുകൊണ്ടാണ്‌ കേരളത്തോടുള്ള ഇ‍ൗ നടപടി. സാധാരണക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പണം തടഞ്ഞു വയ്‌ക്കുന്നതിന്‌ ബിജെപി മറുപടി പറയണം. കേരളത്തിന്‌ അർഹതപ്പെട്ട വിഹിതം നേടിയെടുക്കുന്നതിനായി നിയമനടപടികൾ ആലോചിച്ചിരുന്നു. എന്നാൽ സംസ്ഥാനവും കേന്ദ്രവും തമ്മിൽ ഒരു തർക്കത്തിലേക്ക്‌ പോകാതെ ഫണ്ട്‌ നേടിയെടുക്കാനുള്ള ശ്രമമാണ്‌ നടത്തുന്നതെന്ന്‌ മന്ത്രി വ്യക്‌തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home