'എതിർ ശബ്ദങ്ങളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത് അനുവദിച്ചുകൂട'; ഉമാ തോമസിന് പിന്തുണയുമായി സാന്ദ്ര

കൊച്ചി: ലൈംഗിക ചൂഷണ പരാതികൾ ഉയർന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വിമർശിച്ചതിന് പിന്നാലെ തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധവുമായി നിർമാതാവ് സാന്ദ്രാ തോമസ്. എതിർക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത് ഒരു ആണധികാര ശബ്ദത്തിന്റെ പ്രതിഫലനമാണെന്നും അതൊരു കാരണവശാലും കേരളം അനുവദിച്ചു കൊടുത്തുകൂടായെന്നും സാന്ദ്രാ തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
ഉമാ തോമസ് എംഎൽഎക്കെതിരെ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു. കേരളാ രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത ലൈംഗികാതിക്രമ പരമ്പരയുടെ വിവരങ്ങൾ ഒരു യുവ എംഎൽഎക്കെതിരെ ഉണ്ടായപ്പോൾ അതിൽ ഒരു സ്ത്രീ എന്ന നിലയിൽ ശക്തമായ നിലപാട് സ്വീകരിച്ച ഉമാ തോമസ് എംഎൽഎയെ സൈബർ ഇടത്തിൽ അക്രമിക്കുന്നതിനെ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു.
അവരുടെ പ്രസ്ഥാനം സൈബർ ഇടങ്ങളിലെ അക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും, അതിൽ ആ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ളവർ ആരെങ്കിലും പങ്കാളികൾ ആയിട്ടുണ്ടെങ്കിൽ ആ പ്രസ്ഥാനം അവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും വേണം. സ്ത്രീകൾക്കെതിരെ ഉണ്ടാവുന്ന ആക്രമണങ്ങളെ രാഷ്ട്രീയഭേദമന്യേ എതിർക്കപ്പെടേണ്ടതാണ് . അങ്ങനെ എതിർക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത് ഒരു ആണധികാര ശബ്ദത്തിന്റെ പ്രതിഫലനമാണ് , അതൊരു കാരണവശാലും കേരളം അനുവദിച്ചു കൊടുത്തുകൂടാ.









0 comments