സമസ്‌ത– ലീഗ് തർക്കം പള്ളികളിലേക്കും

മലപ്പുറം : സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇകെ) മുശാവറ അംഗം അസ്ഗറലി ഫൈസിയെ പട്ടിക്കാട് ജാമിഅ നൂരിയ്യ അധ്യാപന ജോലിയിൽനിന്നും നീക്കം ചെയ്തതിനെ ചൊല്ലിയുള്ള സമസ്‌ത–- ലീഗ് തർക്കം പള്ളികളിലേക്ക്. ലീഗ് വിരുദ്ധർ നടത്തിയ പ്രതിഷേധസമ്മേളനത്തിന് മറുപടിയുമായി ലീഗ് അനുകൂലികൾ 14ന് നടത്തുന്ന ജാമിഅ പൈതൃക സമ്മേളന പ്രചാരണത്തിന് പള്ളികളെ വേദിയാക്കിയതാണ് വിവാദമായത്.
പള്ളികൾ ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിന് ഇടയാക്കുന്നതിൽ വിശ്വാസികൾക്കിടയിൽ പ്രതിഷേധമുണ്ട്. നേരത്തെ വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ച പള്ളികളിൽ ബോധവൽക്കരണം നടത്താൻ മുസ്ലിംലീഗിന്റെ നേതൃത്വത്തിലുള്ള സംഘടനകൾ തീരുമാനിച്ചിരുന്നു. എന്നാൽ, അന്ന് ഇകെ വിഭാഗം ലീഗിന്റെ ആ തീരുമാനം തള്ളിയിരുന്നു. പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നായിരുന്നു തീരുമാനം.
കഴിഞ്ഞ ഏഴിന് അസ്ഗറലി ഫൈസിയെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ നേതൃത്വത്തിൽ ഇകെ വിഭാഗത്തിലെ മുസ്ലിം ലീഗ് വിരുദ്ധർ പെരിന്തൽമണ്ണയിൽ പ്രതിഷേധ സമ്മേളനം നടത്തിയിരുന്നു. വലിയതോതിലുള്ള ജനപങ്കാളിത്തമുണ്ടായ സമ്മേളനത്തിന് മറുപടിയുമായാണ് ലീഗ് അനുകൂലികളുടെ നേതൃത്വത്തിൽ ജാമിയയിൽ പൈതൃക സമ്മേളനം പ്രഖ്യാപിച്ചത്.









0 comments