അവർ മതരാഷ്‌ട്രവാദികൾതന്നെ ; നയത്തിൽ മാറ്റമില്ലെന്ന് സമസ്ത

നിലമ്പൂർ
ജമാഅത്തെ ഇസ്ലാമിക്ക് യുഡിഎഫ് ഗുഡ്‌സർടിഫിക്കറ്റ് നൽകുന്നതിലും മുന്നണിയിൽ ചേർക്കുന്നതിലും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം)ക്ക് പ്രതിഷേധം. ജമാഅത്തെ മതരാഷ്‌ട്രവാദികളാണെന്ന നിലപാടിൽ മാറ്റമില്ലെന്ന് സമസ്‌ത നേതാക്കൾ വ്യക്തമാക്കി.
തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് ജമാഅത്തെ. അവർക്ക് സമുദായത്തിലും സമൂഹത്തിലും പൊതുസ്വീകാര്യതയും അംഗീകാരവും കിട്ടുന്നത് ദോഷമുണ്ടാക്കുമെന്ന നയത്തിൽ മാറ്റമില്ല. വിവിധഘട്ടങ്ങളിൽ സമസ്‌ത, എസ്‌വൈഎസ്, എസ്‌എസ്‌എഫ് സംഘടനാ നേതാക്കൾ വിട്ടുവീഴ്‌ചയില്ലാതെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസും മുസ്ലിംലീഗും വെൽഫെയർ പാർടിയുമായി കൈകോർത്തതിനെയും വിമർശിച്ചിരുന്നു.
മുസ്ലിംലീഗ് അനുകൂലമെന്ന് അറിയപ്പെടുമ്പോഴും ലീഗിന്റെ ജമാഅത്തെയോടുള്ള മൃദുസമീപനത്തെ സമസ്‌ത നേതാക്കളായ ജിഫ്രി തങ്ങളും ഉമർ ഫൈസിയുമെല്ലാം പരസ്യമായി എതിർത്തിട്ടുണ്ട്. നിലമ്പൂരിലും ഈ നയത്തിൽ മാറ്റമില്ല. ജമാഅത്തെ ഇസ്ലാമിയെ പ്രകീർത്തിച്ച പ്രതീപക്ഷ നേതാവിന്റെ നിലപാടിനെ അംഗീകരിക്കാനാകില്ലെന്നും അവർ പറയുന്നു.
ജമാഅത്തെയോട് യോജിപ്പില്ല: ജിഫ്രി തങ്ങൾ
ജമാഅത്തെ ഇസ്ലാമിയോട് എന്നും ആശയപരമായ വിയോജിപ്പുണ്ടന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അവരെക്കുറിച്ച് നല്ലത് പറഞ്ഞവരാണ് അതിനെക്കുറിച്ച് വിശദീകരിക്കേണ്ടത്. രാഷ്‌ട്രീയ നേതാക്കൾ പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്നും -വാർത്താലേഖകരോട് ജിഫ്രി തങ്ങൾ പറഞ്ഞു.
സതീശന്റെ ഫത്‌വ വേണ്ട
ജമാഅത്തെ ഇസ്ലാമി വിഷയത്തിൽ ഫത്‌വ നൽകേണ്ടത് പ്രതിപക്ഷ നേതാവ് വി ഡി സതീശനല്ലെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ . ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണ്. ഫത്‌വ നൽകാൻ ഇസ്ലാമിക പണ്ഡിതർ ഉണ്ടെന്നും സമസ്ത സംസ്ഥാന സെക്രട്ടറി ഉമർ ഫൈസി മുക്കം പറഞ്ഞു .
ജമാ അത്തെ ഇസ്ലാമി മതവിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. മുസ്ലിങ്ങൾക്ക് നാശംവരുത്തുകയല്ലാതെ മറ്റൊന്നും അവർ ചെയ്യുന്നില്ല. ഇസ്ലാമിക ആരാധനയായ സകാത്ത് (സാമ്പത്തിക ശേഷിയുള്ളവരുടെ നിർബന്ധ ദാനം) പിരിച്ച് ബൈതു സകാത്ത് എന്ന സംവിധാനത്തിലൂടെ പുട്ടടിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാർ എന്നും ഉമർ ഫൈസി വാർത്താലേഖകരോട് പറഞ്ഞു.
മതവിരുദ്ധത നടത്തുകയും അത്തരം ആശയം പ്രവർത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ് 1941ലുണ്ടായ ജമാഅത്തെ ഇസ്ലാമി . അതിനെതിരെ അന്നുതന്നെ സമസ്ത രംഗത്തുവന്നു. സ്ഥാപക നേതാവ് അബുൽ അഅ്‌ലാ മൗദൂദിയുടെ ഗ്രന്ഥങ്ങളാണ് ജമാഅത്തെ ഇസ്ലാമിക്കാർ പിൻപറ്റുന്നത്. ആ പുസ്തകങ്ങളിലൊന്നും ഇതുവരെ മാറ്റംവരുത്തിയിട്ടില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.









0 comments