സമസ്ത വെളിച്ചം പകർന്ന സംഘടന : മുഖ്യമന്ത്രി

samastha

മുഖ്യമന്ത്രി പിണറായി വിജയൻ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുമായി സൗഹൃദം പങ്കിടുന്നു. ഫോട്ടോ: നിലിയ വേണു​ഗോപാൽ

വെബ് ഡെസ്ക്

Published on Jun 12, 2025, 02:56 AM | 1 min read


തിരുവനന്തപുരം

സാമുദായിക നവീകരണം ലക്ഷ്യംവച്ച്‌ ആരംഭിച്ച പല സംഘടനകളും പാതിവഴിയിൽ ഇല്ലാതായതിന്‌ കാരണം സങ്കുചിത ചിന്തകളാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇതിൽനിന്ന്‌ വ്യത്യസ്തമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിന് വെളിച്ചം പകരാൻ ചില സംഘടനകൾക്ക് കഴിഞ്ഞില്ല. സമസ്ത വ്യത്യസ്തമായതാണ്‌ ഇന്നത്തെ വളർച്ചയുടെ കാരണം. ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്‌ തയ്യാറാക്കിയ സമസ്ത ചരിത്രം "കോൺഫ്ലുവൻസ്‌' കോഫി ടേബിൾ പുസ്തകം പ്രകാശിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.


മുസ്ലിം സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങൾക്കൊപ്പം നിലകൊള്ളാൻ സമസ്തയ്ക്കായി. നിലവിലെ പ്രസിഡന്റായ സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളിന്‌ സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കാനുള്ള പാടവമുണ്ട്‌.

അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിലകൊള്ളുകയെന്ന പ്രഖ്യാപിത ലക്ഷ്യംകൂടി സംഘടനയ്ക്കുണ്ട്‌. അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകണം. തിരുത്തൽ വേണ്ടവ തിരുത്തി മുന്നേറാൻ കഴിയണം. ആധുനിക ചികിത്സാരീതികളോട്‌ മുഖം തിരിക്കുന്നവരുണ്ട്‌. അവരെ ശാസ്ത്രീയ ചിന്തയിലേക്ക് നയിക്കാൻ സംഘടനയ്ക്ക്‌ കഴിയണം. സമുദായത്തിനുള്ളിലെ സമസ്തയുടെ പ്രവർത്തനങ്ങൾ മുസ്ലിം വിഭാഗത്തെ മാത്രമല്ല, നാടിനെ ഒന്നാകെ നവീകരിച്ചു. ഇസ്ലാമിന്റെ വൈജ്ഞാനിക ഗരിമ സമൂഹത്തിന്‌ പകർന്നുനൽകാനും അതോടൊപ്പം അതിൽ ഉയർന്നുവരുന്ന പ്രതിലോമ ആശയങ്ങളെ തടയാനും സമസ്തയ്ക്ക്‌ കഴിയണം.


രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യവും വസ്ത്രസ്വാതന്ത്ര്യവും ഭാഷാസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന കാലമാണ്. എല്ലാതരത്തിലുമുള്ള വർഗീയ പ്രവണതകളും എതിർക്കപ്പെടണം. ഇരുട്ടിനെ ഇരുട്ടുകൊണ്ട് നേരിടാനാവില്ലെന്നും മതനിരപേക്ഷതയ്ക്ക് എതിരെ പ്രവർത്തിക്കുന്നവരെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.


സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി വി അബ്ദുറഹിമാൻ, സമസ്ത ട്രഷറർ പി പി ഉമർ മുസ്‌ലിയാർ കൊയ്യോട്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഹജ്ജ് തുടങ്ങി നിരവധിപേർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home