തർക്കം തുടരുന്നു; തീരുമാനമാകാതെ സമസ്ത–ലീഗ് ചർച്ച

പ്രത്യേക ലേഖകൻ
Published on Mar 02, 2025, 03:11 AM | 1 min read
കോഴിക്കോട്: തർക്കവും ഭിന്നതയും തീർക്കാ ൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളുമായി മുസ്ലിംലീഗ് നേതൃത്വം നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. നേതൃത്വത്തെ അവഹേളിക്കൽ, സിഐസി എന്നീ വിഷയങ്ങളിലെ നിലപാട് സമസ്‌തയെ അനുകൂലിക്കുന്നവർ അനുരഞ്ജന ചർച്ചയിൽ ആവർത്തിച്ചു.
മുശാവറയിൽനിന്ന് പുറത്താക്കപ്പെട്ട ലീഗ് അനുകൂലി മുസ്‌തഫൽ ഫൈസിയെ തിരിച്ചെടുക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമാണ് സമസ്ത–ലീഗ് ചർച്ച വിളിച്ചത്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും പങ്കെടുത്തു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് ചർച്ചയ്‌ക്കായി കളമൊരുക്കിയത്. ജിഫ്രി തങ്ങൾ, സമസ്ത വൈസ് പ്രസിഡന്റ് എം ടി അബ്ദുള്ള മുസ്ല്യാർ, ട്രഷറർ കൊയ്യോട് ഉമർ മൗലവി, കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങൾ എന്നിവരാണ് ഇരുവിഭാഗത്തിനും പറയാനുള്ളത് കേട്ടത്. റമദാനുശേഷം ചർച്ച തുടരാൻ തീരുമാനിച്ചു. അതുവരെ പരസ്യ പ്രതികരണം വിലക്കി. പ്രശ്നങ്ങൾ കൂടിയാലോചിച്ച് ഉടൻ പരിഹാരം കാണുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്തയ്‌ക്കുവേണ്ടി ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, എ എം പരീത്, ടി പി സി തങ്ങൾ എന്നിവർ ചർച്ചയ്‌ക്കെത്തി. ലീഗിൽനിന്ന് എം സി മായിൻഹാജി, അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി എന്നിവരാണ് എത്തിയത്.









0 comments