സമഗ്രശിക്ഷാ ഫണ്ട് : കേരളത്തിനുള്ള കുടിശിക മറച്ചുവച്ച് കേന്ദ്രം

ന്യൂഡൽഹി
സമഗ്രശിക്ഷാ പദ്ധതി വഴി കേരളത്തിലെ വിദ്യാഭ്യാസമേഖലയ്ക്ക് നൽകാനുള്ള കുടിശിക മറച്ചുവച്ച് കേന്ദ്രസർക്കാർ.
സമഗ്രശിക്ഷാ അഭിയാൻ ഫണ്ടിൽ എത്ര തുക വിതരണം ചെയ്തെന്ന രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ ഒഴിഞ്ഞുമാറി. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാത്തതിനാൽ കേരളത്തിന് ലഭിക്കേണ്ട 970 കോടി രൂപ തടഞ്ഞെന്ന ആരോപണം നിലനിൽക്കെയാണ് കണക്കുകൾ വെളിപ്പെടുത്താൻ കേന്ദ്രം തയ്യാറാകാത്തത്. നാല് അധ്യയന വർഷം 1,538.56 കോടി അനുവദിച്ചു എന്നുമാത്രമാണ് കേന്ദ്രത്തിന്റെ മറുപടി. പിഎം ശ്രീ, ദേശീയ വിദ്യാഭ്യാസ നയം എന്നിവ അംഗീകരിക്കാൻ ഫണ്ടുകൾ തടഞ്ഞ് കേരളത്തെ സമ്മർദത്തിലാക്കുക എന്ന തന്ത്രമാണ് കേന്ദ്രത്തിന്റേത്.
സമഗ്ര ശിക്ഷാ അഭിയാനും ദേശീയ വിദ്യാഭ്യാസ നയവും ഒന്നാണെന്ന് സമർഥിച്ച് പിഎം ശ്രീ അംഗീകരിക്കാൻ സംസ്ഥാന സർക്കാരുകളെ കേന്ദ്രം നിർബന്ധിക്കുന്നു.
സമഗ്രവും തുല്യവുമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രശിക്ഷാ പദ്ധതി നിലവിൽ വന്ന് രണ്ട് വർഷത്തിന് ശേഷമാണ് ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുന്നത്. സമഗ്രശിക്ഷാ പദ്ധതിയിൽ അധിക വ്യവസ്ഥകൾ ഉൾപ്പെടുത്താൻ അധികാരമില്ലാതിരിക്കെ പിഎംശ്രീയിൽ ഒപ്പുവയ്ക്കാത്തിന്റെ പേരിൽ കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തടയാൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് ബ്രിട്ടാസ് എംപി പറഞ്ഞു.









0 comments