കേരള ഫിലിം മാർട്ട്‌ ഉടൻ: 
സജി ചെറിയാൻ

സ്‌ത്രീ സുരക്ഷയും 
ലിംഗസമത്വവും ഉറപ്പാക്കും : സജി ചെറിയാൻ

saji cherian Cinema Conclave
avatar
സുനീഷ്‌ ജോ

Published on Aug 03, 2025, 12:00 AM | 2 min read


തിരുവനന്തപുരം

സിനിമാമേഖലയിൽ സ്‌ത്രീ സുരക്ഷയും ലിംഗസമത്വവും ഉറപ്പാക്കുമെന്ന്‌ മന്ത്രി സജി ചെറിയാൻ. നയരൂപീകരണത്തിനായി സംഘടിപ്പിച്ച കോൺക്ലേവിന്റെ ആദ്യദിനത്തിലെ പാനൽ ചർച്ചകൾക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. സിനിമാമേഖലയിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണം, വിവിധ സിനിമാസംഘടനയിലെ അംഗങ്ങളെ ഉൾപ്പെടുത്തി ആഭ്യന്തര പരാതി പരിഹാരസെൽ വിപുലീകരിക്കുക, പരാതിക്ക്‌ പരിഹാരം ഉണ്ടായില്ലെങ്കിൽ അപ്പീൽ പോകാൻ സംവിധാനം ഒരുക്കുക, സിനിമാ കരാറുകൾ നിരീക്ഷിക്കാൻ സംവിധാനം വേണം തുടങ്ങിയ ആവശ്യങ്ങളും കോൺക്ലേവിൽ ഉയർന്നു.


സിനിമാമേഖലയിൽ കൃത്യമായ ജോലി സമയം പാലിക്കുന്നില്ലെന്ന പരാതി പ്രതിനിധികളിൽനിന്ന്‌ വ്യാപകമായി ഉയർന്നിരുന്നു. ജോലി സമയം 8 മണിക്കൂറിൽ കൂടിയാൽ അധികവേതനം നൽകണം, ജോലി സമയം പുനക്രമീകരിക്കണം, പ്രധാന അഭിനേതാക്കൾ ഒഴികെയുള്ളവർക്ക്‌ ജോലി ഗ്യാരന്റി ഉറപ്പുവരുത്തണം, കഥ, തിരക്കഥാകൃത്ത്‌ എന്നിവർക്ക്‌ അർഹിക്കുന്ന അംഗീകാര നൽകണം തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു.


സ്‌ത്രീകൾക്ക്‌ പ്രസവാവധി നൽകുന്നത്‌ പരിഗണനയിലാണെന്ന്‌ വിവിധ സിനിമാസംഘടനകൾ പറഞ്ഞു. ഷൂട്ടിങ്‌ സെറ്റുകളിൽ ആഭ്യന്തര പരാതിപരിഹാര സെല്ലുകൾ നിർബന്ധമായും രൂപീകരിക്കണം, ജോലിസ്ഥലമെന്നതിന്‌ കൃത്യമായ നിർവചനം വേണം, നിയമ പരിരക്ഷകൾ ലിംഗഭേദമേന്യേ നടപ്പാക്കണം, ഓൺലൈൻ വിദ്വേഷം, സൈബർ ആക്രമണം എന്നിവ നേരിടാൻ നിയമപരമായ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.


ഞായറാഴ്‌ച 4 വിഷയങ്ങളിൽ പാനൽ ചർച്ച നടക്കും. വൈകിട്ട്‌ നടക്കുന്ന സമാപനയോഗം അടൂർ ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും.


കേരള ഫിലിം മാർട്ട്‌ ഉടൻ

ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ പൊതു– -സ്വകാര്യ പങ്കാളിത്തത്തില്‍ നടക്കുന്ന ട്രാവല്‍ മാര്‍ട്ടിന്‌ സമാനമായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ കേരള ഫിലിം മാര്‍ട്ട് സംഘടിപ്പിക്കുമെന്ന്‌ മന്ത്രി സജി ചെറിയാൻ. സിനിമ ഉള്‍പ്പെടെ എല്ലാ കലകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ്‌ ലക്ഷ്യം. വ്യവസായ മേഖലയുടെ സമഗ്ര വികസനം ഇതിലൂടെ സാധ്യമാകും.


മലയാള സിനിമാ ചരിത്രത്തിലെ നിർണായക ചുവടുവയ്‌പാണ്‌ ഫിലിം പോളിസി കോൺക്ലേവ്‌. ദീർഘവീക്ഷണമുള്ള സമഗ്ര ചലച്ചിത്ര നയരേഖ രൂപീകരിക്കണം. കേരളത്തെ ഏറ്റവും മികച്ച സിനിമാ സൗഹൃദ സംസ്ഥാനമാക്കി മാറ്റാൻ ഇതിലൂടെ കഴിയും. നിർമാണം, പ്രദർശനം, വിതരണം തുടങ്ങിയ മേഖലയിലെ അഭിപ്രായം ഇതിനായി തേടിയിരുന്നു. വിശാല ജനാധിപത്യ രീതിയാണ്‌ ഇതിനായി തെരഞ്ഞെടുത്തത്‌. ഇന്ത്യയിൽ ആദ്യമായാണ്‌ ഇത്തരമൊരു പ്രവർത്തനം. തൊഴിലിടങ്ങളിലെ ലിംഗസമത്വം, തൊഴിൽസുരക്ഷ, ആരോഗ്യ ഇൻഷുറൻസ്‌ തുടങ്ങിയവയൊക്കെ ഉറപ്പുവരുത്തണം. നയരൂപീകരണത്തിന്‌ പൊതുജനങ്ങളുടെ അഭിപ്രായവും തേടുമെന്നും മന്ത്രി പറഞ്ഞു. കേരള ഫിലിം പോളിസി കോൺക്ലേവ്‌ ഉദ്‌ഘാടനത്തിൽ അധ്യക്ഷനായിരുന്നു അദ്ദേഹം.



deshabhimani section

Related News

View More
0 comments
Sort by

Home