"ഒരു നോട്ടീസെങ്കിലും നൽകിക്കൂടേ, ചർച്ച ചെയ്താൽ ചെമ്പ് വെളിച്ചത്താകും'; പ്രതിപക്ഷം ഒളിച്ചോടുന്നുവെന്ന് മന്ത്രി എം ബി രാജേഷ്

വി ഡി സതീശന്‍, എം ബി രാജേഷ്
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി വിവാദത്തിന്റെ പേരിൽ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. പ്രധാനപ്പെട്ട വിഷയമാണെങ്കിൽ ഒരു നോട്ടീസ് എങ്കിലും കൊടുക്കാനുള്ള പാർലമെന്ററി മര്യാദ പ്രതിപക്ഷം കാണിച്ചില്ല. സബ്മിഷൻ ആയിപോലും ഉന്നയിക്കാൻ ശ്രമിക്കാതെയാണ് സഭ തടസപ്പെടുത്തിയത്. വിഷയം സഭയിൽ ചർച്ച ചെയ്താൽ വസ്തുതകൾ പുറത്തുവരുമെന്ന ഭയമാണ് പ്രതിപക്ഷത്തിനെന്നും മന്ത്രി പറഞ്ഞു.
തെറ്റ് ചെയ്തവർ ആരായാലും അവരെ കൈവിലങ്ങണിയിച്ച് തുറുങ്കിലടച്ച ചരിത്രമാണ് ഈ സർക്കാരിന്റേത്. അത് പ്രതിപക്ഷത്തിനും അറിയാം. എന്നാൽ പുകമറ നിലനിർത്തണം എന്ന് മാത്രമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. സർക്കാർ ചർച്ചയ്ക്ക് എടുത്താൽ ചെമ്പ് വെളിച്ചത്താകും എന്ന് പേടിച്ച് നോട്ടീസ് കൊടുക്കാതിരിക്കുകയാണ് പ്രതിപക്ഷം.
ഏതൊരു ചർച്ചയെയും അഭിമുഖീകരിക്കാൻ സർക്കാരിന് ധൈര്യമുണ്ട്. എന്നാൽ ചർച്ചയ്ക്ക് തയ്യാറാകാൻ പോലും ധൈര്യമില്ലാതെ പ്രതിപക്ഷം ഒളിച്ചോടുകയാണ്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ നാല് തവണ സഭനിർത്തിവെച്ച് ചർച്ച ചെയ്തു. ഏറ്റവും കൂടുതൽ അടിയന്തരപ്രമേയംചർച്ച ചെയ്തത് ഈ നിയമസഭയാണ്. ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവമായിരിക്കും അത്. ഏത് വിഷയവും ചർച്ച ചെയ്യാനുള്ള സർക്കാരിന്റെ ആത്മവിശ്വാസവും ധൈര്യവും ജനാധിപത്യ ബോധവുമാണ് ഇത് തെളിയിക്കുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.









0 comments