ശബരിമല ദർശനം; സ്പോട്ട് ബുക്കിങ് 5000 ആക്കി

sabarimala 123
വെബ് ഡെസ്ക്

Published on Nov 20, 2025, 12:27 PM | 1 min read

ശബരിമല: ശബരിമല ദർശനത്തിന് അനുവദിക്കുന്ന സ്പോട്ട് ബുക്കിങ് 5000 ആക്കി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. നിലയ്ക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമാകും സ്പോട്ട് ബുക്കിങ് ലഭ്യമാകുക. പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിങ് താൽകാലികമായി നിർത്തിവെച്ചു. നവംബർ 24 വരെയാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. തീർഥാടകർ പരമാവധി വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള സ്ലോട്ട് ഉറപ്പാക്കി ദർശനം നടത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർഥിച്ചു.


ശബരിമലയിൽ ഇന്നും രാവിലെ മുതൽ വലിയ തിരക്കുണ്ടായിരുന്നു. പൊലീസ് കൃത്യമായ ക്രമീകരണങ്ങൾ നടത്തി ദർശനം സുഗമമാക്കി. ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ഒരുക്കിയ ക്രമീകരണങ്ങളിൽ തൃപ്തരാണെന്ന് തീർഥാടകർ പറയുന്നു. ഈ സീസണിൽ കുട്ടികളുടെയും പ്രായമായ സ്ത്രീകളുടെയും വരവ് വർദ്ധിച്ചതായാണ് റിപ്പോർട്ട്. മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഭാ​ഗമായി നട തുറന്ന് ദർശനം തുടങ്ങിയ ആദ്യദിവസം മുതൽ ഗണ്യമായ വർധനയാണ് കാണുന്നത്. പമ്പയിലെ അയ്യപ്പ സംഗമം, ദർശനത്തിനായി സർക്കാർ സ്വീകരിച്ച ക്രമീകരണങ്ങൾ തുടങ്ങിയവയാണ് തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമായത്.


വർദ്ധിച്ചുവരുന്ന തിരക്ക് നിയന്ത്രിക്കുന്നതിനായി സ്പോട്ട് ബുക്കിങ് 20000 ൽ നിന്ന് 5000 ആക്കി കുറയ്ക്കാൻ തിങ്കളാഴ്ച ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു. തീർഥാടകർക്കായി കൂടുതൽ വിശ്രമ സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കും തിരക്ക് നിയന്ത്രണത്തിനുമായി 200 ലധികം പൊലീസുകാരെ വിന്യസിച്ചു. വനപാതയിലൂടെ എത്തുന്ന തീർഥാടകരെ നിയന്ത്രിക്കാനും ബുക്കിങ്ങില്ലാത്തവർക്ക് പ്രവേശനം നിഷേധിക്കാനും കോടതി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിലവിൽ, വെർച്വൽ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 70,000 ഭക്തർക്ക് ദർശനം അനുവദിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പരിധി 80,000 ആയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home