ശബരിമല ദർശനം: സന്നിധാനത്ത് ഉന്നത തല യോഗം ചേർന്നു; തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ തീരുമാനം

ശബരിമല: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തീർഥാടനകാലത്തെ ക്രമീകരണങ്ങൾ അവലോകനം ചെയ്യാൻ സന്നിധാനത്ത് ഉന്നത തല യോഗം ചേർന്നു. ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളുടേയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ശബരിമല തീർഥാടനത്തിന്റെ നാലാം ദിവസമാണിത്. ആദ്യ ദിവസം തിരക്ക് നിയന്ത്രിക്കുന്നതിൽ സ്വീകരിച്ച നടപടികളിലെ പോരായ്മകൾ പൂർണമായും പരിഹരിച്ചു. ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാവുകയും സുഗമവും സുരക്ഷിതവുമായ തീർഥാടനം ഉറപ്പാക്കാനും കഴിയുന്നുണ്ടെന്ന് എഡിഎം അരുൺ എസ് പറഞ്ഞു.
തീർഥാടകർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ വിവധ വകുപ്പുകളിൽ നിന്ന് നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. അവ നടപ്പിലാക്കാൻ ദേവസ്വം ബോർഡും മറ്റ് ഉദ്യോഗസ്ഥരും തീവ്ര ശ്രമം നടത്തും. അടിയന്തിര വൈദ്യ സഹായം ഏർപ്പെടുത്തുക, തിരക്ക് നിയന്ത്രിക്കുക, തീർഥാടകർക്ക് കുടിവെള്ളം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ ഉറപ്പാക്കുക തുടങ്ങിയവ ഉന്നത തല യോഗത്തിൽ ചർച്ച ചെയ്തു. തീർഥാടകർ ദേവസ്വം ബോർഡിന്റെയും ഉദ്യോഗസ്ഥരുടേയും നിർദേശങ്ങൾ കൃത്യമായി പാലിക്കമമെന്ന് എഡിഎം അറിയിച്ചു.
ശബരിമല ദർശനത്തിന് അനുവദിക്കുന്ന സ്പോട്ട് ബുക്കിങ് നിലവിൽ 5000 ആക്കി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. നിലയ്ക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമാകും സ്പോട്ട് ബുക്കിങ് ലഭ്യമാകുക. പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിങ് താൽകാലികമായി നിർത്തിവെച്ചു. നവംബർ 24 വരെയാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. തീർഥാടകർ പരമാവധി വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള സ്ലോട്ട് ഉറപ്പാക്കണം. അനുവദിച്ചിരിക്കുന്ന അതേ സ്ലോട്ടിൽ തന്നെ തീർഥാടകർ ദർശനം നടത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർഥിച്ചു.








0 comments