കാസർകോട് ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്; ഡിസിസി വൈസ് പ്രസിഡന്റിന് മർദനമേറ്റു- വീഡിയോ

കാസർകോട്: കാസർകോട് ഡിസിസി ഓഫീസിൽ സീറ്റ് വിഭജന ചർച്ചക്കിടെ ഡിസിസി വൈസ് പ്രസിഡന്റും നേതാക്കളും തമ്മിൽ കൂട്ടയിടി. ഇൗസ്‌റ്റ് എളേരി പഞ്ചായത്തിലെയും ചിറ്റാരിക്കാൽ ജില്ലാ പഞ്ചായത്തിലെ സ്ഥാനാർഥിത്വത്തെയും ചൊല്ലിയാണ് ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തംമാക്കൽ ഉൾപ്പെടയുള്ളവർ ചേരിതിരിഞ്ഞ് തല്ലിയത്. പന്തംമാക്കലിനും ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വാസുദേവനും മാർദനമേറ്റു.
ജയിംസ് പന്തമാക്കന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് വിമതർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനാധിപത്യ വികസന മുന്നണി (ഡിഡിഎഫ്) എന്ന പേരിൽ മത്സരിച്ച് ഇൗസ്‌റ്റ് എളേരിയിൽ അധികാരത്തിയിരുന്നു. പിന്നീട് ഇവർ കോൺഗ്രസിൽ ലയിച്ചു. ഇത്തവണ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റ് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടുസീറ്റുകൾക്കപ്പുറം നൽകാനാവില്ലെന്ന നിലപാട് ഡിസിസി നേതൃത്വം അറിയിച്ചു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്‌ച പകൽ പതിനൊന്നരയോടെ ഇന്ദിരാ ഭവനിൽ നേതാക്കൾ ഏറ്റുമുട്ടിയത്.
ചിറ്റാരിക്കാൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ വെസ്‌റ്റ് എളേരി പഞ്ചായത്തിലെ മൗക്കോട് വാർഡംഗം എം വി ലിജിനയെ സ്ഥാനാർഥിയാക്കണമെന്ന് വിമതർ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാതെ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രനാണ് സീറ്റ് നൽകിയത്. ലിജിന പകൽ മൂന്നിന് കാസർകോട് വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. ഡിഡിഎഫ് തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്നാണ് സൂചന.
ഡിസിസി ഓഫീസിൽ തല്ലുണ്ടാക്കിയവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി എം ലിജു പറഞ്ഞു. ഈസ്റ്റ് എളേരിയിലെ കോൺഗ്രസ് നേതാവായിരുന്ന ജയിംസ് പന്തമ്മാക്കൻ 2015 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് വിട്ട് ഡിഡിഎഫ് എന്ന പ്രാദേശിക പാർടി രൂപീകരിച്ച് മത്സരിച്ചത്. കോൺഗ്രസിനെ പരാജയപ്പെടുത്തി ഡിഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. കോൺഗ്രസ് മാത്രം ഭരിച്ചിരുന്ന ഈസ്റ്റ് എളേരിയിൽ ഒരു സീറ്റിൽ പോലും അവർക്ക് ജയിക്കാനായിരുന്നില്ല.









0 comments