എസ്ഐആർ ഭയന്ന് തീവണ്ടിക്ക് മുന്നിൽ ചാടിയ റിക്ഷ തൊഴിലാളിയുടെ കൈകാലുകൾ അറ്റു

കൊൽക്കത്ത: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര അവലോകനത്തിന് പിന്നാലെ നാടുകടത്തൽ ഭയന്ന് തീവണ്ടിക്ക് മുന്നിൽ ചാടിയ വയോധികന്റെ കൈകാലുകൾ അറ്റു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. 63 വയസ്സുള്ള അശോക് സർദാർ ഭയാശങ്കകൾ കാരണം ആത്മഹത്യയ്ക്ക് ശ്രമിക്കയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
പർഗാനാസ് ജില്ലയിലെ ബെൽഗാരിയയിലുള്ള സിസിആർ പാലത്തിന് സമീപം ബുധനാഴ്ച രാത്രിയാണ് അശോക് സർദാർ ഓടുന്ന തീവണ്ടിക്ക് മുന്നിലായി ട്രാക്കിലേക്ക് ചാടിയത്.
ആർജി കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ഒരു കയ്യും കാലും മുറിച്ചുമാറ്റേണ്ടിവന്നു. സൈക്കിൾ റിക്ഷ ചവിട്ടിയാണ് ജീവിതം നയിച്ചിരുന്നത്. സ്വന്തമായി വീടും ആശ്രയവും ഒന്നുമില്ല. അദ്ദേഹത്തിന്റെ നില വളരെ ഗുരുതരമായി തുടരുന്നതായി കൊൽക്കത്ത പോലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
2002 ലെ വോട്ടർ പട്ടികയിൽ സർദാറിന്റെയും ഭാര്യയുടെയും പേരുകൾ ഉണ്ടായിരുന്നില്ല. "ഇത് അറിഞ്ഞതുമുതൽ, എന്തുചെയ്യണമെന്നോ എവിടേക്ക് പോകണമെന്നോ മനസ്സിലാകാതെ അദ്ദേഹം പരിഭ്രാന്തിയിലായിരുന്നു. പൗരത്വ നഷ്ട ഭയം മൂലം അസ്വസ്ഥനായിരുന്നു. ഇതാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചത്” എന്ന് കുടുംബം മൊഴി നൽകി.
റിക്ഷാക്കാരനായ സർദാർ കമർഹതി മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള പ്രഫുല്ലനഗർ ലോ ലാൻഡിലെ താമസക്കാരനാണ്. വോട്ടർ പട്ടികയുടെ എസ് ഐ ആർ പ്രഖ്യാപിച്ചതുമുതൽ അസ്വസ്ഥനാണ്.
"ദിവസങ്ങളോളം അച്ഛൻ തന്റെ പക്കൽ രേഖകളൊന്നുമില്ലെന്ന് പറഞ്ഞുകൊണ്ടിരുന്നു. നാട്ടിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് പറഞ്ഞ് കരയുകയായിരുന്നു. നിരന്തരമായ ഭയമാണ് പിതാവിനെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചത്," എന്ന് മകൾ ചൈതലി സർക്കാർ പറഞ്ഞു.
വോട്ടർ പട്ടികയുടെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) ഭയന്ന് ചൊവ്വാഴ്ച പർഗാനാസ് ജില്ലയിൽ തന്നെ കീടനാശിനി കഴിച്ച് 58 വയസ്സുള്ള ഒരാൾ മരിച്ചിരുന്നു. ബദൂരിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജാദുർഹതി പുർബ നിവാസിയായ സോഫിഖുൽ മൊണ്ടൽ ആണ് മരിച്ചത്. 2002 ലെ വോട്ടർ പട്ടികയിൽ പേര് കണ്ടെത്താൻ കഴിയാതത്തിനെ തുടർന്നായിരുന്നു വിഷം കഴിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും അധികം ജനസംഖ്യയുള്ള ജില്ലയാണ് പശ്ചമബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ല.
സമീപ ആഴ്ചകളിൽ നോർത്ത് 24 പർഗാനാസ്, മുർഷിദാബാദ്, ബിർഭം, നാദിയ എന്നിവയുൾപ്പെടെ ജില്ലകളിൽ നിന്ന് എസ്‌ഐആർ പ്രക്രിയയെക്കുറിച്ചുള്ള ഉത്കണ്ഠയുമായി ബന്ധപ്പെട്ട മരണങ്ങളുടെയും സമാന പ്രശ്നങ്ങളുടെയും റിപ്പോർട്ടുകൾ ആവർത്തിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.








0 comments