'2003ൽ വെള്ളം ചുമന്ന് വലിയൊരു വീടുവച്ചു'; ലോകകപ്പ് അനുഭവം പങ്കുവെച്ച് താരം

മുംബൈ: ചെറുപ്രായത്തിൽ ഇന്ത്യൻ ടീമിലെത്തിയ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേലിനെ ആരാധകർ മറന്നു കാണില്ല. ഇപ്പോൾ 2003 ലോകപ്പിലെ താരത്തിന്റെ അനുഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ലോകകപ്പിൽ കളിക്കാൻ അവസരം കിട്ടിയില്ലെങ്കിലും മുഴുവൻ വെള്ളവും ചുമന്ന് ഒരു വലിയ വീട് വച്ചെന്നാണ് താരം പറഞ്ഞത്. ഒരു ചാനൽ ചർച്ചയിലാണ് ലോകകപ്പിലെ അനുഭവങ്ങൾ പാർഥിവ് പട്ടേൽ തമാശരൂപേണ വെളിപ്പെടുത്തിയത്.
'ഒരുപാട് ഏകദിന മത്സരങ്ങളിൽ വെള്ളം കൊണ്ടുപോയിട്ടുണ്ട്. രാഹുൽ ദ്രാവിഡ് കീപ്പറായി ഇരുന്നപ്പോൾ 2003ലെ ലോകകപ്പ് മത്സരങ്ങളിൽ മുഴുവൻ വെള്ളം കൊണ്ടുകൊടുത്തിരുന്നു. ആ സമയത്ത് വെള്ളം കൊടുത്ത് നടന്ന് ഒരു വലിയ വീട് പണിതു'- പാർഥിവ് പറഞ്ഞു.
2002ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് പാർഥിവിന്റെ അരങ്ങേറ്റം. 2002ൽ പതിനേഴ് വയസ്സും 153 ദിവസം പ്രായമുള്ളപ്പോഴാണ് ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് കളിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രായംകുറഞ്ഞ വിക്കറ്റ്കീപ്പർകൂടിയായിരുന്നു പാർഥിവ്. ഇതോടെ 2003ലെ ലോകകപ്പ് ടീമിലും താരം ഇടം നേടി. എന്നാൽ വിക്കറ്റ് കീപ്പറായി രാഹുൽ ദ്രാവിഡ് ഉണ്ടായിരുന്നതിനാൽ താരത്തിന് ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചില്ല.
പിന്നീട് മഹേന്ദ്ര സിങ് ധോണിയും ദിനേഷ് കാർത്തികും സജീവമായതോടെ പാർഥിവിന് ടീമിൽ സ്ഥാനം നഷ്ടമായി. പിന്നീട് പലപ്പോഴും പകരക്കാരനായാണ് ടീമിലെത്തിയത്. 25 ടെസ്റ്റും 38 ഏകദിനങ്ങളും കളിച്ചു. രണ്ട് ട്വന്റി–20 മത്സരങ്ങളിലും ആറ് ടീമുകളിലായി 139 ഐപിഎൽ മത്സരങ്ങളിലും സാനിധ്യമറിയിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്നു. 194 ഒന്നാംക്ലാസ് മത്സരങ്ങളിലായി 11,240 റണ്ണടിച്ചു. 2016–17 സീസണിൽ ഗുജറാത്തിനെ രഞ്ജി ട്രോഫി ജേതാക്കളാക്കി. 2018ലാണ് ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. 2020 ഡിസംബറിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും താരം വിരമിച്ചു.








0 comments