നൂറിൽ നൂറ്, ടെസ്റ്റിൽ നേട്ടവുമായി ബംഗ്ലാദേശ് താരം മുഷ്ഫീഖുർ റഹീം

ധാക്ക: നൂറാം ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ ഇനി ബംഗ്ലാദേശ് താരം മുഷ്ഫീഖുർ റഹീമും. അയർലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലാണ് 38-കാരൻ കരിയറിലെ പതിമൂന്നാം സെഞ്ചുറി (214 പന്തിൽ 106) തികച്ചത്. ഇതോടെ നൂറാം ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പതിനൊന്നാമത്തെ താരമായി മുഷ്ഫീഖുർ മാറി. ബംഗ്ലാദേശിനായി 100 ടെസ്റ്റ് കളിക്കുന്ന ആദ്യ താരമായ മുഷ്ഫീഖുറിന് പുതിയനേട്ടം ഇരട്ടിമധുരമായി.
ഇംഗ്ലണ്ട് താരം കോളിൻ കൗഡ്രി ആണ് നൂറാം ടെസ്റ്റിൽ സെഞ്ചുറി നേടിയ ആദ്യ താരം. 1968ൽ ഓസ്ട്രേലിയയ്ക്ക് എതിരെയായിരുന്നു നേട്ടം. പീന്നീട് 20 വർഷത്തിന് ശേഷം 1989ൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ താരം ജാവേദ് മിയാൻദാദും നൂറാം ടെസ്റ്റിൽ സെഞ്ചുറി തികച്ചു. തുടർന്ന് വെസ്‌റ്റിൻഡീസ് താരം ഗോർഡൻ ഗ്രീനിഡ്ജ് (1990), ഇംഗ്ലണ്ട് താരം അലക് സ്റ്റുവർട്ട് (2000), പാകിസ്ഥാൻ താരം ഇൻസമാം ഉൾ ഹഖ് (2005), ഓസ്ട്രേലയൻ താരം റിക്ക് പോണ്ടിങ് (2006), ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഗ്രെയിം സ്മിത്ത് (2012), ഹാഷിം അംല (2017), ഇംഗ്ലണ്ട് താരം ജോ റൂട്ട് (2021), ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ (2022) എന്നിവരും നേട്ടം കൈവിരിച്ചു.
അതേസമയം അയർലണ്ടിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയത് ബംഗ്ലാദേശ് കൂറ്റൻ സ്കോറാണ് ഉയർത്തിയത്. മുഷ്ഫീഖുർ റഹീമിനൊപ്പം ലിറ്റൺ ദാസും (192 പന്തിൽ 128) സെഞ്ചുറി നേടിപ്പോൾ ടീം 476 റൺസാണ് അടിച്ചുകൂട്ടിയത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 108 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.








0 comments