നെല്ലിലെ ഈർപ്പം എത്രയാവാം ? തമിഴ്നാട്ടിലെ കർഷകരുടെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ

ചെന്നൈ: നെല്ല് സംഭരണത്തിനുള്ള ഈർപ്പ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തണമെന്ന തമിഴ്നാട് സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി.
കാവേരി ഡെൽറ്റയിലും മറ്റ് ജില്ലകളിലും ശക്തമായ മഴ പെയ്യുന്നതിനാൽ കർഷകർ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ ഉയർന്ന ഈർപ്പം ഉള്ള നെല്ല് സംഭരിക്കാൻ അനുവദിക്കണമെന്നായിരുന്നു തമിഴ്‌നാടിന്റെ അപേക്ഷ.
മെട്രോ റെയിൽ പദ്ധതിക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് കർഷകരുടെ ആവശ്യത്തിലും കേന്ദ്രം മുഖം തിരിച്ചത്. നേരത്തെ മഴക്കെടുതിയും വെള്ളപ്പൊക്കവും ആവർത്തിക്കുന്ന സാഹചര്യങ്ങളിൽ ഈർപ്പ പരിധിയിൽ അപേക്ഷ പ്രകാരം മാറ്റം വരുത്തി സംഭരണ അനുമതി നൽകിയിരുന്നു.
നിലവിലെ ഖാരിഫ് മാർക്കറ്റിംഗ് സീസണിൽ നെല്ലിലെ അനുവദനീയമായ ഈർപ്പം 17 ശതമാനമാണ്. ഇതിൽനിന്ന് 22 ശതമാനമായി ഉയർത്താനായിരുന്നു ആവശ്യം. തുടർച്ചയായ മഴയും ഉയർന്ന ഈർപ്പവും കാരണം കർഷകർക്ക് നെല്ല് പൂർണ്ണമായും ഉണക്കാൻ പറ്റാതായ സാഹചര്യത്തിലായിരുന്നു ആവശ്യം.
ഈ സീസണിൽ തമിഴ്‌നാട് മികച്ച നെല്ല് വിളവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കർഷകരുടെ ആവശ്യങ്ങൾ മനപൂർവ്വം കേൾക്കാതിരിക്കയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചു. സംസ്ഥാനത്തെ കർഷകരെ സംരക്ഷിക്കാൻ പ്രധാനമന്ത്രി ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
2019-20 ലും 2020-21 ലും സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന ലഭിച്ച് ഒരു ആഴ്ചയ്ക്കുള്ളിൽ 19%-20% ഈർപ്പം ഉള്ള നെല്ല് സംഭരിക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു
സ്വകാര്യമേഖലയെ സഹായിക്കാനോ
ഈർപ്പ പരിധിയിൽ ഇളവ് വരുത്തിയില്ലെങ്കിൽ നൂറുകണക്കിന് ഏക്കറിൽ കൃഷി ചെയ്യുന്ന കുറുവൈ നെല്ല് മുളയ്ക്കുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, അല്ലെങ്കിൽ അവരുടെ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് സ്വകാര്യ വ്യാപാരികൾക്ക് വിൽക്കാൻ അവർ നിർബന്ധിതരാകും.
കുറുവൈ വിളവെടുപ്പ് സീസൺ അവസാനിക്കാൻ ഒരു ആഴ്ചയിൽ താഴെ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയമാണ് ഇളവ് പ്രഖ്യാപിക്കേണ്ടത്.
തമിഴ്നാട് ഇത്തവണ 6.1 ലക്ഷം ഏക്കറിൽ കുറുവൈ നെല്ല് കൃഷി ചെയ്തു, അതിൽ 5.5 ലക്ഷത്തിലധികം ഏക്കറിൽ ഇതിനകം വിളവെടുപ്പ് നടത്തി. വ്യാഴാഴ്ച വരെ ഏകദേശം 44,000 ഏക്കർ നെല്ല് വിളവെടുക്കാനുണ്ട്. ഇത് നാലോ അഞ്ചോ ദിവസത്തിനുള്ളിൽ പൂർത്തിയാകും.
ഈർപ്പത്തിന്റെ അളവിൽ ഇളവ് അനുവദിക്കുന്നതിൽ കാലതാമസം വരുത്തുകയോ നിരസിക്കുകയോ ചെയ്യുന്നത് കർഷകർക്ക് മാത്രമല്ല, കേന്ദ്ര പൂളിംഗ് സ്കീം വഴി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പേരിൽ നെല്ല് സംഭരിക്കുന്ന തമിഴ്‌നാട് സിവിൽ സപ്ലൈസ് കോർപ്പറേഷനും (TNCSC) വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഉദ്യോഗസ്ഥരും കർഷകരും പറയുന്നു.








0 comments