ശബരിമലയുടെ വികസനം മലയോരത്തിന്റേതുകൂടി: ഹിൽഡെഫ്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലൂടെ നടപ്പാക്കുന്ന ശബരിമലയുടെ വികസനം മലയോരത്തിന്റേതുകൂടിയാകുമെന്ന് ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ്) ഭാരവാഹികൾ പറഞ്ഞു. ശബരി റെയിൽപാത പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ഹിൽഡെഫ് ആവശ്യപ്പെട്ടു. ഹിൽഡെഫ് ജനറൽ സെക്രട്ടറി അശ്വന്ത് ഭാസ്കർ, ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ വൈസ് ചെയർപേഴ്‌സൺമാരായ എസ് പുഷ്‌പവതി, ഡോ. പി അനിൽകുമാർ, വിതുര വികസന സമിതി ജന. സെക്രട്ടറി എസ് സതീശചന്ദ്രൻ നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 20ന് പമ്പയിലാണ് ആഗോള അയ്യപ്പ സംഗമം. ആഗോള അയ്യപ്പസംഗമം നടത്തുന്നതിൽ ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. അയ്യപ്പസംഗമത്തിനുവേണ്ടി ദേവസ്വംബോർഡോ സർക്കാരോ പണം ചെലവാക്കുന്നില്ലെന്നും സർക്കാർ വിശദീകരിച്ചു. ആഗോള അയ്യപ്പസംഗമം നടത്താൻ ഹൈക്കോടതി അനുമതി നൽകി.
അതേസമയം ആഗോള അയ്യപ്പസംഗമത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയായി. 3000 പേർക്കാണ് പ്രവേശനം. 4864 പേർ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതിൽ ആദ്യം രജിസ്‌റ്റർ ചെയ്‌തവരെയാണ് പരിഗണിച്ചത്. ഇവർക്ക് ഇ– മെയിൽ, എസ്‌എംഎസ് വഴി അറിയിപ്പ് നൽകി തുടങ്ങി. സംഗമത്തിന് പന്പാതീരത്ത് ഒരുക്കുന്ന 38,500 ചതുരശ്രയടി വിസ്‌തീർണത്തിലുള്ള പന്തൽ നിർമാണം അവസാനഘട്ടത്തിലാണ്.
ശനി രാവിലെ എട്ടിന് പമ്പയിൽ രജിസ്‌ട്രേഷൻ തുടങ്ങും. 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യും. തുടർന്ന് സമീപനരേഖ അവതരിപ്പിക്കൽ. മൂന്ന് വേദികളിലായാണ് ചർച്ച. ശബരിമല മാസ്‌റ്റർ പ്ലാൻ വികസനം, സ്‌പിരിച്വൽ ടൂറിസം സർക്യൂട്ട്, തീർഥാടനകാലത്തെ സുരക്ഷയും തിരക്ക് നിയന്ത്രണവും എന്നീ സെഷനുകളിലുള്ള ചർച്ചയ്‌ക്ക് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ, മുൻ ഡിജിപിമാരായ ജേക്കബ് പുന്നൂസ്, എ ഹേമചന്ദ്രൻ, ടൂറിസം സെക്രട്ടറി കെ ബിജു, ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, ഹസാഡ് റിസ്‌ക് അനലിസ്‌റ്റ് ജി എസ് പ്രദീപ് എന്നിവർ നേതൃത്വം നൽകും.









0 comments